'വിസ്മയം പറവൂരില്‍ നിന്നാകട്ടെ!' കോണ്‍ഗ്രസ് നേതാവ് വത്സല പ്രസന്നകുമാര്‍ ബിജെപിയില്‍; വി ഡി സതീശനെതിരെ മത്സരിച്ചേക്കും
തിരുവനന്തപുരം: പറവൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പറവൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നകുമാറാണ് ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് വത്സലയെ ഷോള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പറഞ്ഞു.
വത്സലയുടെ ബിജെപിയിലേക്കുള്ള വരവിലൂടെ വികസിത പറവൂര്‍ എന്ന ലക്ഷ്യം സാധ്യമാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിസ്മയം പറവൂരില്‍ നിന്നാകട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി മാറ്റങ്ങളുടെ പരമ്പര സൃഷ്ടിക്കുകയാണ്. ബിജെപിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വത്സല കൂട്ടിച്ചേര്‍ത്തു.
പത്ത് വര്‍ഷം പറവൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തുണ്ടായിരുന്ന ആളാണ് വത്സല പ്രസന്നകുമാര്‍. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 2020ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുമായും പൊതുരംഗത്തുനിന്നും അകന്ന് നില്‍ക്കുകയായിരുന്നു വത്സല പ്രസന്നകുമാര്‍. പറവൂരില്‍ 2022 ല്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച ഘോഷയാത്രയുടെ ഉദ്ഘാടകയായി വത്സല പ്രസന്നകുമാര്‍ എത്തിയത് വിവാദമായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍ വി ബാബു അടക്കം ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വത്സല ബിജെപി പാളയത്തിലേക്ക് എത്തുന്നത്. പറവൂരില്‍ വത്സലയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ വി ഡി സതീശന് എതിരാളിയായി വത്സല എത്തും.