തോക്ക് ചൂണ്ടി 85 ലക്ഷം കവര്‍ന്ന കേസിലെ പ്രതി; കേരളത്തിലെത്തി ഒളിവ് ജീവിതം: ഉത്തര്‍പ്രദേശ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
കൊച്ചി: ഉത്തര്‍പ്രദേശില്‍ അക്കൗണ്ടന്റിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 85 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞ പ്രതി കൊച്ചിയില്‍ അറസ്റ്റില്‍. യുപി സ്വദേശി റിസാഖത്ത് ആണ് പിടിയിലായത്. ബാങ്കില്‍ നിന്നു പണമെടുത്ത് ബൈക്കില്‍ വരുകയായിരുന്ന അക്കൗണ്ടന്റിനെ ഹൈവേയിലിട്ട് തോക്ക് ചൂണ്ടി ആക്രമിച്ച ശേഷം പണം കവര്‍ന്ന് കടന്ന് കളയുക ആയിരുന്നു.
യുപിയില്‍ നിന്നുള്ള പോലീസ് സംഘവും സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് കൊച്ചി ചിറ്റൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10,000 രൂപയും കണ്ടെടുത്തു. റിസാഖത്തിനെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും. മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ മുറിയെടുത്തതെന്ന് ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്‍കി.
ഇക്കഴിഞ്ഞ 15ന് യുപിയിലെ ഹാപുര്‍ ജില്ലയില്‍ ഡല്‍ഹി-ലഖ്‌നൗ ദേശീയപാതയിലായിരുന്നു സംഭവം. റിസാഖത്ത് ഉള്‍പ്പെട്ട വന്‍ സംഘമാണ് കൊള്ള നടത്തിയത്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് യുപി സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും കൊച്ചിയില്‍ താമസിക്കുകയാണെന്നും വിവരം ലഭിച്ചത്.
നോയ്ഡയിലെ കമ്പനിയിലെ അക്കൗണ്ടന്റായ അജയ്പാല്‍ എന്നയാള്‍ പണവുമായി ബൈക്കില്‍ വരുംവഴി കാറിലും ബൈക്കിലുമായാണ് കൊള്ളസംഘം പിന്നാലെ കൂടിയത്. ബൈക്കില്‍ യാത്ര ചെയ്ത സംഘത്തിലെ ഒരാള്‍ അക്കൗണ്ടന്റിനെ ചവിട്ടി സ്‌കൂട്ടറില്‍നിന്ന് താഴെയിട്ട ശേഷം തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കുകയായിരുന്നു. കൊള്ളസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.