എന്‍ സുബ്രഹ്‌മണ്യനെതിരായ അറസ്റ്റ്; ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി : സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുമ്പോള്‍ മൗനം പാലിക്കുന്ന പോലീസ്, പിണറായി വിജയനെ വിമര്‍ശിച്ചാല്‍ ഉടന്‍ നടപടിയെടുക്കുന്നത് കടുത്ത ഇരട്ടത്താപ്പാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേന്ദ്രത്തില്‍ മോദിയും അമിത് ഷായും നടത്തുന്ന അതേ ഫാസിസ്റ്റ് ശൈലിയുടെ കാര്‍ബണ്‍ പതിപ്പാണ് കേരളത്തിലെ ആഭ്യന്തര വകുപ്പും ഇപ്പോള്‍ നടപ്പാക്കുന്നത്.
കടകംപള്ളിയുമൊത്തുള്ള യഥാര്‍ത്ഥ ചിത്രങ്ങളില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രി, നിയമത്തെ രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുകയാണ്. ഒരു കൊലക്കേസ് പ്രതിയെപ്പോലെ വീട് വളഞ്ഞ് പിടികൂടാന്‍ മാത്രം എന്ത് തെറ്റാണ് എന്‍ സുബ്രഹ്‌മണ്യന്‍ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കണം. വിനാശകാലെ വിപരീത ബുദ്ധി എന്നപോലെ, അധികാരം ഉപയോഗിച്ച് വിമര്‍ശകരെ നിശബ്ദരാക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും സ്വര്‍ണ്ണക്കടത്തുള്‍പ്പെടെയുള്ള അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.