പാലക്കാട് കണ്ണന്‍ ഗോപിനാഥന്‍? രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ഇറക്കാന്‍ കോണ്‍ഗ്രസ് നീക്കം

Update: 2026-01-24 08:09 GMT

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസ് നീക്കം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പാലക്കാട് മണ്ഡലത്തിലെ സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. സിറ്റിംഗ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ത്രീപീഡന കേസില്‍ ജയിലിലാവുകയും പാര്‍ട്ടിക്കു പുറത്താവുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുതിയ മുഖത്തെ തേടുന്നത്.

ബലാത്സംഗക്കേസുകളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഈ പ്രതിസന്ധി മറികടക്കാന്‍ കണ്ണന്‍ ഗോപിനാഥന്റെ പ്രതിച്ഛായ സഹായിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വീസ് രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ ഒക്ടോബറിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോട്ടയം സ്വദേശിയാണെങ്കിലും പ്രാഥമിക വിദ്യാഭ്യാസം പാലക്കാട്ടായിരുന്നു എന്നത് അദ്ദേഹത്തിന് മണ്ഡലവുമായുള്ള ബന്ധം ഉറപ്പിക്കുന്നു. മുന്‍പ് ബിജെപി ഇ. ശ്രീധരനെ മത്സരിപ്പിച്ചപ്പോള്‍ ലഭിച്ച അരാഷ്ട്രീയ വോട്ടുകള്‍, ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കണ്ണന്‍ ഗോപിനാഥന് അനുകൂലമായി സമാഹരിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു.

പാലക്കാടിന് പുറമെ മറ്റ് ചില മണ്ഡലങ്ങളിലും പ്രമുഖരെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. വാമനപുരം മണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ രതീഷ് അനിരുദ്ധന്റെ പേരും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ പുതിയ നീക്കങ്ങള്‍ പുറത്തുവരുന്നത്.

Similar News