കിന്‍ഫ്രയ്ക്ക് ആയിരം കോടി വരെ വായ്പ എടുക്കാന്‍ അനുമതി നല്‍കിയതായി മന്ത്രി പി. രാജീവ്

കിന്‍ഫ്രയ്ക്ക് ആയിരം കോടി വരെ വായ്പ എടുക്കാന്‍ അനുമതി നല്‍കിയതായി മന്ത്രി പി. രാജീവ്

Update: 2026-02-23 13:02 GMT

തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 1000 കോടി രൂപ വരെ സ്വന്തം നിലയില്‍ വായ്പയെടുക്കാന്‍ കിന്‍ഫ്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കിന്‍ഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കിഫ്ബി പോലുള്ള സാമ്പത്തിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് കിന്‍ഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി മുതല്‍ 1000 കോടി രൂപവരെ കിന്‍ഫ്രയ്ക്ക് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തേക്ക് ധാരാളം പേര്‍ വ്യവസായനിക്ഷേപ വാഗ്ദാനവുമായി എത്തുന്നുണ്ട്. ഭൂമിയുടെ ലഭ്യത പലയിടത്തും പ്രശ്‌നമാണ്. എന്നാല്‍ നിരവധി കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഫാക്ട്, എച്ച്എംടി, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ സ്ഥലം കാടുപിടിച്ച് വനമായിക്കൊണ്ടിരിക്കുന്നു. ഇത്തരം സ്ഥലങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് കൈമാറിയാല്‍ അവയെല്ലാം കാര്യക്ഷമമായി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും. വ്യവസായം തുടങ്ങുന്നതിനായി കിന്‍ഫ്രയില്‍നിന്ന് ഭൂമി ഏറ്റെടുത്തശേഷം വര്‍ഷങ്ങളായി വെറുതേ ഇട്ടിരിക്കുന്ന ഭൂമിയില്‍ എത്രയും പെട്ടെന്ന് സംരംഭങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന് ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും മന്ത്രി സൂചിപ്പിച്ചു.

കിന്‍ഫ്രയുടെ ആസ്ഥാനമന്ദിരം ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുമ്പോള്‍ ലോക വ്യവസായ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും കമ്പനികളുടെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും അതതുസമയംതന്നെ അറിയാനുള്ള സൗകര്യം അവിടെ ഉണ്ടായിരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രൂപീകൃതമായി 33 വര്‍ഷത്തിനുശേഷം ഇടപ്പഴഞ്ഞിയില്‍ കിന്‍ഫ്ര വിലയ്ക്കു വാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയരുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഓഫീസ് സമുച്ചയമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

കഴക്കൂട്ടം ഫിലിം ആന്‍ഡ് ഐടി പാര്‍ക്കില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ധാരണാപത്രവും ചടങ്ങില്‍ കൈമാറി. 2022ല്‍ പാര്‍ക്കില്‍ ടാറ്റ എല്‍ക്‌സിക്ക് രണ്ടുലക്ഷത്തിലധികം വിസ്തീര്‍ണമുള്ള കെട്ടിടം കൈമാറിയിരുന്നു. അന്ന് കമ്പനി ആവശ്യപ്പെട്ടതനുസരിച്ചാണ് സമീപത്തുതന്നെ 1,77,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്ലഗ് ആന്‍ഡ് പ്ലേ ക്യാംപസ് മാതൃകയില്‍ പുതിയ ഐ.ടി കെട്ടിടം നിര്‍മിച്ച് ടാറ്റ എല്‍ക്സിക്ക് ഇപ്പോള്‍ കൈമാറുന്നത്.

ചീഫ് സെക്രട്ടറിയും കിന്‍ഫ്ര ചെയര്‍മാനുമായ ഡോ. ജയതിലക് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി: പി. വിഷ്ണുരാജ്, ടാറ്റ എല്‍ക്സി സിഎഫ്ഒ ഗൗരവ് ബജാജ്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ബേബി ഉഴുത്തുവാല്‍, കിന്‍ഫ്ര എക്‌സ്‌പോര്‍ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ചെയര്‍മാന്‍ സാബു ജോര്‍ജ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ജനറല്‍ മാനേജര്‍ ഡോ. ടി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News