വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി; അവധി ദിവസം നടത്തണമെന്ന പൊതുഅഭിപ്രായം ഉയര്‍ന്നതിനാലെന്ന് വിശദീകരണം

Update: 2026-02-23 13:28 GMT

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടിവെച്ചു. മാര്‍ച്ച് ഒന്നിലേക്കാണ് മാറ്റിയത്. മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിവിധ വകുപ്പുകളിലേക്ക് അറിയിപ്പ് ലഭിച്ചത്. 

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് താക്കോല്‍ദാനം ഫെബ്രുവരി 25ന് നടക്കുമെന്നും മഴക്കാലത്തിന് മുന്‍പായി ഭൂമിയും വീടും നല്‍കി പൂര്‍ണ പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ മാസം 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാര്‍ച്ച് ഒന്നിന് വൈകുന്നേരം 3 മണിക്ക് ഉദ്ഘാടനം നടത്തുമെന്നാണ് പുതിയ അറിയിപ്പ്. അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയര്‍ന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ഉദ്ഘാടനം നടത്താനായിരുന്നു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ശ്രമം.

ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ ഫേസ് ഒന്നില്‍ ഉള്‍പ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും ഉദ്ഘാടന ചടങ്ങില്‍ നടക്കും. കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ചു സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടത്.

ഉദ്ഘാടനത്തിന് മുന്നോടിയായി ആദ്യ ഘട്ട വീടുകളുടെ നറുക്കെടുപ്പും കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. സോണ്‍ ഒന്നില്‍ 115 വീടുകളും സോണ്‍ മൂന്നില്‍ 30 വീടുകളും സോണ്‍ നാലില്‍ 33 വീടുകളുമാണ് ആദ്യഘട്ടത്തില്‍ കൈമാറുന്നത്. വീടുകളും പട്ടയവും 25-ന് വൈകീട്ട് നാലിന് ടൗണ്‍ഷിപ്പ് നിര്‍മാണം നടക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും.

Similar News