സുഹൃത്തിന്റെ വീട്ടില്‍ നിന്നും 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ഓടി രക്ഷപ്പെട്ട സുഹൃത്തിനായി തിരച്ചില്‍
സുഹൃത്തിന്റെ വീട്ടില്‍ നിന്നും 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവിനെ ഡാന്‍സഫ് സംഘം അറസ്റ്റ് ചെയ്തു. പേയാട് പള്ളിമുക്ക് കല്ലറത്തലയ്ക്കല്‍ വിവേക് മോഹന്റെ വീട്ടില്‍ നിന്നുമാണ് പതിനാല് കിലോ കഞ്ചാവുമായി സുഹൃത്ത് വിളപ്പില്‍ശാല ചീലപ്പാറ വിഷ്ണു ഭവനില്‍ വിവേകി(28)നെ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം വിവേകിന്റെ വീട്ടില്‍ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗുകളില്‍ പ്രത്യേക പാക്കറ്റുകളായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിവേകിന്റെ പേയാടുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിവേക് മോഹന്‍ മാതാപിതാക്കള്‍ക്കൊപ്പം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്.
ഡാന്‍സാഫ് സംഘത്തെ കണ്ട വീട്ടുടമ വിവേക് മോഹന്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാളും മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മലയിന്‍കീഴ്, വിളപ്പില്‍ശാല, പൂന്തുറ, കരമന എന്നി സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവെത്തിച്ച് ചില്ലറവില്‍പ്പന നടത്തുന്നവരാണിവരെന്നാണ് ഡാന്‍സാഫ് സംഘത്തിന്റെ വിലയിരുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇവരെ ചോദ്യം ചെയ്യാനാണ് തീരുമാനം.