അര്‍ദ്ധരാത്രിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍; സിസി ടിവി ക്യാമറകള്‍ തകര്‍ത്തെങ്കിലും വിട്ടുപോയ ഒരെണ്ണം പ്രതിക്ക് കുരുക്കായി

അര്‍ദ്ധരാത്രിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍

Update: 2026-01-01 14:48 GMT

മട്ടന്നൂര്‍: അര്‍ദ്ധരാത്രിയില്‍ എടയന്നൂര്‍തെരൂറിലെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ മട്ടന്നൂര്‍ പോലീസ് സാഹസികമായി പിടികൂടി. പാലക്കാട് ജില്ലയിലെ അലനെല്ലൂര്‍ സ്വദേശി എം നവാസ് എന്ന അളിയന്‍ നവാസിനെ(55) യാണ് കാട്ടിക്കുളത്ത് വെച്ച് മട്ടന്നൂര്‍ പൊലിസ് പിടികൂടിയത്.

എടയന്നൂര്‍തെരൂര്‍ പാലയോട്ട് ടി.നാരായണന്റെ പൗര്‍ണമി യെന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 21ന് വീട് പൂട്ടി നാരായണന്‍ മകളുടെ ബെംഗളൂരുവിലെ വീട്ടില്‍ പോയതായിരുന്നു. ഡിസംബര്‍ 28 ന് രാത്രിയില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപൊളിച്ച് കവര്‍ച്ച നടത്തിയതായി കണ്ടത്.

കവര്‍ച്ച നടത്തിയതിന്റെ തലേ ദിവസം അടഞ്ഞു കിടക്കുന്ന വീട് നിരീക്ഷിച്ചു പിറ്റേ ദിവസം രാത്രിയോടെ ആയുധങ്ങളുമായി വീടിനു സമീപത്ത് മണിക്കൂറുകളോളം ഒളിച്ചിരുന്ന് പരിസരം നിരീക്ഷിച്ചതിനു ശേഷമാണ് അര്‍ദ്ധരാത്രിയില്‍ 12 മണിയോടെ കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ മുന്‍വശം വാതില്‍ കുത്തി തുറന്ന് അകത്ത് കയറി അലമാരയില്‍ നിന്നും സ്വര്‍ണവും പണവുമെടുത്ത് വീട്ടിലുണ്ടായിരുന്ന സി.സി.ടി.വി ക്യാമറകളും തകര്‍ത്ത് കടന്നു കളയുകയായിരുന്നു.

എന്നാല്‍ തകര്‍ക്കപ്പെടാത്ത സി.സി.ടി.വി ദൃശ്യമാണ് നവാസിനെ കുടുക്കിയത്. ഇതു കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണമാണ് പ്രതി നവാ സാ ണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ഇയാള്‍ കാസര്‍കോട് ജില്ലയിലെ കാട്ടിക്കുളത്തുണ്ടെന്ന് വ്യക്തമാവുകയും മഫ്തിയിലെത്തിയ പൊലിസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. നവാസിനെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നേരത്തെ മോഷണ കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News