കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം കലര്‍ന്നു; പാലില്‍ ചേര്‍ത്ത വെള്ളം പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തു: പൊലിഞ്ഞത് പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണി

കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം; പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണി മരിച്ചു

Update: 2026-01-02 03:38 GMT

ഇന്‍ഡോര്‍: കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം കലര്‍ന്നുണ്ടായ രോഗത്തെ തുടര്‍ന്ന് അഞ്ചര മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ദമ്പതികള്‍ക്ക് പത്ത് വര്‍ഷം കാത്തിരുന്നു ലഭിച്ച കുഞ്ഞാണ് നഷ്ടമായത്. വൃത്തിയുടെ നഗരമെന്ന വിശേഷണമുള്ള ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ ഭഗീരത്പുരയിലെ സുനില്‍ സാഹു കിഞ്ചല്‍ ദമ്പതികള്‍ക്കാണ് ആറ്റുനോറ്റുണ്ടായ കണ്‍മണി നഷ്ടമായത്.

അഞ്ചര മാസം പ്രായമുള്ള അവ്യാനാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്. 2 ദിവസം മുന്‍പ് കുഞ്ഞിനു അസുഖം പിടികൂടുകയായിരുന്നു. തുടര്‍ന്ന് കുടുംബം കുഞ്ഞിന് ചികിത്സ നല്‍കിയിരുന്നു. എങ്കിലും തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഞ്ഞു മരിച്ചു. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ അമ്മയ്ക്ക് കഴിയാതിരുന്നതോടെയാണ് ഡോക്ടര്‍ കുപ്പിപ്പാല്‍ നല്‍കാന്‍ പറഞ്ഞത്. ഇതിനായി കടയില്‍നിന്നും വാങ്ങിയ പാക്കറ്റ് പാലില്‍ പൈപ്പ് വെള്ളം കലര്‍ത്തി നല്‍കിയതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായത്.

സുനില്‍ സാഹു കിഞ്ചല്‍ ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കഴിഞ്ഞ ജൂലൈ 8ന് അവ്യാന്‍ പിറന്നത്. മാലിന്യം കലര്‍ന്ന കുടിവെള്ളമാണ് തങ്ങളുടെ മകന്റെ ജീവനെടുത്തതെന്നാണ് ഇവര്‍ പറയുന്നത്. വെള്ളം മലിനമായതിനെ കുറിച്ച് തങ്ങള്‍ക്കു മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും സുനില്‍ പറഞ്ഞു.

Tags:    

Similar News