'വികസനത്തിന് ബിജെപി'; സിപിഎം ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ച് എസ്. രാജേന്ദ്രന്‍; ബിജെപിയില്‍ അംഗത്വമെടുക്കും
ഇടുക്കി: മുന്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചയിലാണ് രാജേന്ദ്രന്റെ പാര്‍ട്ടി മാറ്റം ഉറപ്പായത്. അടുത്ത ഒരു മാസത്തിനുള്ളില്‍ മൂന്നാറില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ അദ്ദേഹം ഔദ്യോഗികമായി താമരയണിയും.
തോട്ടം മേഖലയില്‍ വലിയ സ്വാധീനമുള്ള നേതാവിന്റെ ഈ ചുവടുമാറ്റം ഇടുക്കിയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് കനത്ത പ്രഹരമാണ്. 15 വര്‍ഷം സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ദേവികുളം എം.എല്‍.എ ആയിരുന്ന രാജേന്ദ്രന്‍, കഴിഞ്ഞ കുറച്ചു കാലമായി പാര്‍ട്ടി നേതൃത്വവുമായി തുറന്ന പോരിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി എ. രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജേന്ദ്രന്‍, കാലാവധി കഴിഞ്ഞിട്ടും തന്നെ തിരികെ എടുക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ല, മറിച്ച് തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനും ഇടുക്കിയുടെ വികസനത്തിനും വേണ്ടിയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടി മാറിയാലും അടുത്ത തിരഞ്ഞെടുപ്പില്‍ ദേവികുളത്ത് മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖരായ പ്രാദേശിക നേതാക്കള്‍ക്കൊപ്പം മൂന്നാറില്‍ വെച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യത്തിലാകും അംഗത്വ വിതരണ ചടങ്ങുകള്‍ നടക്കുക.