അഡ്വേഴ്സ് ഡ്രഗ് റിപ്പോര്‍ട്ടിങ്: തിരുവല്ല ബിലീവേഴ്സ് ആശുപത്രി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും രാജ്യത്ത് ഒന്നാമത്

Update: 2026-01-11 07:22 GMT

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ എഡിആര്‍ മോണിട്ടറിങ് സെന്ററിന് രാജ്യത്തെ ഏറ്റവും മികച്ച എഡിആര്‍ സെന്ററിനുള്ള പുരസ്‌കാരം. എഡിആര്‍ റിപ്പോര്‍ട്ടിങിലും ഫാര്‍മക്കോ വിജിലന്‍സ് പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയതിന് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പുരസ്‌കാരം ആശുപത്രിക്ക് ലഭിക്കുന്നത്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മക്കോ വിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മിഷനും ചേര്‍ന്ന് നല്‍കുന്നതാണ് ഈ ബഹുമതി.

ഫാര്‍മക്കോ വിജിലന്‍സില്‍ നിലനിര്‍ത്തുന്ന പ്രവര്‍ത്തന മികവ്, നൂതനമായ സമീപനങ്ങള്‍, മാതൃകാപരമായ നേതൃത്വം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ്. എഡിആര്‍ റിപ്പോര്‍ട്ടിംഗ് ആത്യന്തികമായി രോഗികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും മരുന്നുകളുടെ ഉചിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രോഗികളോടുള്ള പ്രതിബദ്ധ സൂചിപ്പിക്കുകയും ഉയര്‍ന്ന ഗുണനിലവാരവും രോഗികേന്ദ്രീകൃതമായ സുരക്ഷാ രീതികളും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് ആശുപത്രി നേടിയ ഈ അംഗീകാരമെന്ന് ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഓയുമായ പ്രഫ.ഡോ.ജോര്‍ജ് ചാണ്ടി മറ്റീത്ര പറഞ്ഞു.

ഫാര്‍മകോവിജിലന്‍സിലെ കര്‍ശനമായ മാനദണ്ഡങ്ങള്‍, എഡിആര്‍ സാഹചര്യങ്ങളോട് വേഗത്തിലുള്ള പ്രതികരണം, ദേശീയ മരുന്ന് സുരക്ഷാ ഡാറ്റാബേസുകളിലെ ഗണ്യമായ സംഭാവനകള്‍ എന്നിവയെ അടയാളപ്പെടുത്തുന്നുവെന്നും ഫാര്‍മക്കോളജി വിഭാഗവും ഫാര്‍മകോ വിജിലന്‍സ് സംഘവും സംയുക്തമായി നടത്തുന്ന ആധികാരിക പഠന ഗവേഷണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ഫാര്‍മക്കോളജി വിഭാഗം മേധാവി പ്രഫ.ഡോ.ജേക്കബ് ജെസുറന്‍, അസോ . പ്രഫ.ഡോ.സാറാ കുര്യന്‍ കോടിയാട്ട്, അസി.പ്രഫ.ഡോ. മനീഷ് മോഹന്‍, ഡോ. ഹരികൃഷ്ണന്‍ എസ്, ഡോ. ആല്‍വി ജോസഫ്, ഡോ.അഖില്‍ ജോസഫ് ഐസക് എന്നിവരാണ് ഫാര്‍മക്കോളജി ഫാര്‍മകോവിജിലന്‍സ് സംഘത്തില്‍ ഉള്ളത്. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠന കാലയളവില്‍ത്തന്നെ അഡ്വേഴ്സ് ഡ്രഗ് റിപ്പോര്‍ട്ടിംഗില്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും പരിശീലനങ്ങളും നല്‍കുവാന്‍ ഫാര്‍മക്കോളജി വിഭാഗം മെഡിക്കല്‍ അധ്യാപകര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

Similar News