അനന്തപുരിയില്‍ അമിത് ഷാ; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നിര്‍ണ്ണായക യോഗങ്ങള്‍

Update: 2026-01-11 07:33 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഞായറാഴ്ച രാവിലെ പത്തരയോടെ ക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തിയ അദ്ദേഹം 20 മിനിറ്റോളം ദര്‍ശനത്തിനായി ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തലസ്ഥാനത്ത് എത്തിയ അമിത് ഷാ, ഉച്ചകഴിഞ്ഞ് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം എന്‍ഡിഎ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന 'എ പ്ലസ്', 'എ' കാറ്റഗറി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, സീറ്റ് വിഭജനം എന്നിവയായിരിക്കും ഇന്നത്തെ യോഗങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.

വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ ഈ ചര്‍ച്ചകളില്‍ പങ്കാളികളാകും. വൈകിട്ട് ഏഴുമണിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Similar News