സര്‍ക്കാര്‍ ചെലവില്‍ സിപിഎം തിരഞ്ഞെടുപ്പ് പ്രചാരണം; ഖജനാവിലെ പണം പാര്‍ട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കുമെന്ന് വി.ഡി. സതീശന്‍
കൊച്ചി: വികസന കാര്യങ്ങളില്‍ ജനാഭിപ്രായം തേടാനെന്ന വ്യാജേന സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. സ്വന്തം പാര്‍ട്ടിക്കാരെ വോളണ്ടിയര്‍മാരാക്കി സര്‍ക്കാര്‍ ശമ്പളത്തില്‍ പ്രചാരണത്തിനിറക്കുന്ന നീക്കത്തിനെതിരെ ഏതറ്റം വരെയും നിയമപോരാട്ടം നടത്തുമെന്നും, ഈ പണം പാര്‍ട്ടിക്കാരെക്കൊണ്ട് തന്നെ തിരിച്ചടപ്പിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
പത്ത് കൊല്ലം ഭരിച്ചിട്ട് ഇനിയാണോ ജനങ്ങളോട് വികസനകാര്യത്തില്‍ അഭിപ്രായം ചോദിക്കാന്‍ പോകുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ സി.പി.എം വോളണ്ടിയര്‍മാരെ നിയമിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നും, ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി നല്‍കിയ കത്ത് തന്റെ പക്കലുണ്ടെന്നും സതീശന്‍ വെളിപ്പെടുത്തി. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ അതിനായി പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.