'ഇന്ന് കേരളത്തിന്റെ തലസ്ഥാനത്ത് ബിജെപിയുടെ മേയറെയാണ് നാം കാണുന്നത്, എന്നാല്‍ നാളെ അത് ബിജെപിയുടെ മുഖ്യമന്ത്രിയായിരിക്കും,'; 40 ശതമാനം വോട്ട് അകലെയല്ല; എല്‍ഡിഎഫും യുഡിഎഫും മാച്ച് ഫിക്സിംഗില്‍: അമിത് ഷാ
തിരുവനന്തപുരം: കേരളത്തിന്റെ യഥാര്‍ത്ഥ വികസനത്തിന് ബിജെപിയുടെ മുഖ്യമന്ത്രി ഉണ്ടാകുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കാനാകുമെന്നും 30 ശതമാനത്തില്‍ എത്തിയ ബിജെപിയുടെ വോട്ട് വിഹിതം 40 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ അധികം ദൂരമില്ലെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
'ഇന്ന് കേരളത്തിന്റെ തലസ്ഥാനത്ത് ബിജെപിയുടെ മേയറെയാണ് നാം കാണുന്നത്, എന്നാല്‍ നാളെ അത് ബിജെപിയുടെ മുഖ്യമന്ത്രിയായിരിക്കും,' അമിത് ഷാ പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച അദ്ദേഹം, ഇവിടത്തെ വിജയം എളുപ്പമായിരുന്നില്ലെന്നും ഭരണസ്വാധീനമില്ലാതിരുന്നിട്ടും പ്രവര്‍ത്തകര്‍ പാറപോലെ ഉറച്ചുനിന്നാണ് താമര വിരിയിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ വികസനം തടയുന്നതില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ പങ്കാണുള്ളതെന്നും ഇരു മുന്നണികളും തമ്മില്‍ 'മാച്ച് ഫിക്സിംഗ്' ആണെന്നും അമിത് ഷാ ആരോപിച്ചു. വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം എന്നീ മൂന്ന് കാര്യങ്ങള്‍ ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിക്കില്ല. 2047-ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ വികസിത കേരളം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസ സംരക്ഷണത്തിനും കേരള വിരുദ്ധ ശക്തികളെ തകര്‍ക്കാനും ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം ജനപ്രതിനിധികളോട് പറഞ്ഞു.