കൊല്ലത്ത് ദേശീയപാത നിര്‍മാണത്തില്‍ സുരക്ഷാ വീഴ്ച; കല്ലുംതാഴത്ത് ആര്‍ഇ പാനലുകള്‍ പുറത്തേക്ക് തള്ളി; ജില്ലയില്‍ മണ്ണിന്റെ ഘടന പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റി

Update: 2026-01-11 08:11 GMT

കൊല്ലം: ജില്ലയിലെ ദേശീയപാത നിര്‍മാണത്തില്‍ വ്യാപകമായ അശാസ്ത്രീയതയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെത്തുടര്‍ന്ന്, ആര്‍ഇ പാനല്‍ (ഞഋ ജമിലഹ) സ്ഥാപിച്ച് മണ്ണിട്ടുയര്‍ത്തിയ എല്ലാ സ്ഥലങ്ങളിലും അടിയന്തര പരിശോധനയ്ക്ക് നിര്‍ദേശം. ദേശീയപാത അതോറിറ്റി ടെക്‌നിക്കല്‍ അംഗം ജി.വി. റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് ഈ തീരുമാനം. മൈലക്കാട് നിര്‍മാണത്തിനിടെ പാത തകര്‍ന്ന പശ്ചാത്തലത്തില്‍ പാരിപ്പള്ളി മുതല്‍ കടവൂര്‍ വരെയുള്ള എല്ലാ ഉയരപ്പാതകളും സംഘം പരിശോധിച്ചു.

ജില്ലയില്‍ ഏറ്റവും ഉയരത്തില്‍ മണ്‍പാത നിര്‍മിക്കുന്ന കല്ലുംതാഴം ജംക്ഷന് സമീപം പാനലുകള്‍ പുറത്തേക്ക് തള്ളിമാറിയ നിലയിലാണ്. കൊപ്പാറ മുക്കിന് സമീപം ആര്‍ഇ പാനലുകള്‍ വിണ്ടുകീറിയത് സിമന്റ് പൂശി മറയ്ക്കാനും ശ്രമം നടന്നിട്ടുണ്ട്. ചതുപ്പ് മേഖലയില്‍ 30 അടി ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തിയത് മൈലക്കാട്ടിലേതിന് സമാനമായ അപകടത്തിന് കാരണമാകുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. മണ്ണൊലിപ്പും അശാസ്ത്രീയമായ കലുങ്ക് നിര്‍മാണവും മൂലം മഴവെള്ളം കെട്ടിക്കിടക്കുന്നത് ഭീഷണി വര്‍ദ്ധിപ്പിക്കുന്നു.

ജില്ലയിലെ മണ്ണിന്റെ ഘടന പരിശോധിക്കാന്‍ ഐഐടിയിലെ വിദഗ്ധരടങ്ങുന്ന നാലംഗ സംഘം ഉടന്‍ എത്തും. നിലവിലെ മണ്ണ് പരിശോധനാ ഫലം കൂടി പരിഗണിച്ച ശേഷമായിരിക്കും ഫ്‌ലൈ ഓവറുകള്‍ വേണോ അതോ വയഡക്ടുകള്‍ മതിയോ എന്ന കാര്യത്തില്‍ അതോറിറ്റി അന്തിമ തീരുമാനമെടുക്കുക.

Similar News