രാഹുല്‍ മാങ്കൂട്ടത്തിലിനായി ശത്രുസംഹാര പൂജയും കുര്‍ബാനയും; റിമാന്‍ഡിലുള്ള എംഎല്‍എയ്ക്കായി വഴിപാടുകളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്; എംഎല്‍എയുടെ 'രക്ഷയ്ക്കായി' റെജോ വള്ളംകുളം

Update: 2026-01-12 06:40 GMT

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി വഴിപാടും പൂജയും നടത്തി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി. പള്ളിയിലും ക്ഷേത്രത്തിലും വഴിപാട് നടത്തിയിരിക്കുകയാണ് ജില്ലാ സെക്രട്ടറി റെജോ വള്ളംകുളം. പുതുപ്പള്ളി പള്ളിയില്‍ മൂന്നിന്മേല്‍ കുര്‍ബാന, നന്നൂര്‍ ദേവി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ, ഭാഗ്യസൂക്താര്‍ച്ചന എന്നിവയാണ് നടത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്നും റെജോ വള്ളംകുളം പറയുന്നു. 'ഒരു യുവനേതാവിനെ സൈബര്‍ ഇടങ്ങളിലും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളും വേട്ടയാടുമ്പോള്‍, അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക എന്നത് ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉത്തരവാദിത്വമാണെന്ന് തോന്നി. ഒരുപാട് വേട്ടയാടപ്പെടുന്ന സ്ഥിതി വരുമ്പോഴാണ് ഇത്തരത്തില്‍ പ്രതികരിച്ചുപോകുന്നത്,' റെജോ വള്ളംകുളം പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന ചാറ്റ് പുറത്തു വന്നു. തനിക്കെതിരെ നിന്നവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നാണ് രാഹുലിന്റെ ഭീഷണി. പേടിപ്പിക്കാന്‍ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. എല്ലാം തീര്‍ന്ന് നില്‍ക്കുന്ന ഒരാളെയാണോ പേടിപ്പിക്കുന്നതെന്നും നീ എന്ത് ചെയ്താലും ഞാന്‍ താങ്ങും എന്നാല്‍ നീ താങ്ങില്ലെന്നും രാഹുലിന്റെ ഭീഷണി. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും.

Similar News