പുതിയ അടയ്ക്കയുടെ വില 400 കടന്നു; പഴയതിനും വില കൂടി
പുതിയ അടയ്ക്കയുടെ വില 400 കടന്നു; പഴയതിനും വില കൂടി
കാസര്‍കോട്: പുതിയ അടക്കയുടെ വിലയില്‍ വന്‍ മുന്നേറ്റം. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 380-400 രൂപയായിരുന്നു പുത്തന്‍ അടയ്ക്കവില. മാസം പകുതിയെത്തും മുന്‍പ് ഇത് 400 കടന്നു. ഗുണനിലവാരമുള്ള മേല്‍ത്തരം പുത്തന്‍ അടയ്ക്കയ്ക്ക് വില 450 രൂപവരെയായി. തന്‍വര്‍ഷം തന്നെ ഉണക്കി കൊട്ടടയ്ക്കയായി വില്‍ക്കുന്ന ഇനമാണ് പുതിയ അടയ്ക്ക. മുന്‍വര്‍ഷങ്ങളില്‍ പരമാവധി 400 രൂപ വരെയായിരുന്നു പുത്തന്‍ അടയ്ക്ക വില ഉയര്‍ന്നിരുന്നത്.
പുതിയ അടയ്ക്കയുടെ വിലയിലെ മുന്നേറ്റത്തിന് ആനുപാതികമായി പഴയ അടയ്ക്കവിലയിലും മാറ്റം വന്നിട്ടുണ്ട്. കിലോയ്ക്ക് നിലവില്‍ 545 രൂപവരെ ലഭിക്കുന്നുണ്ട്. പുതിയതും പഴയതും തമ്മിലുള്ള വിപണിവിലയിലെ അന്തരം കുറഞ്ഞുവരുന്നതായി കച്ചവടക്കാര്‍ പറയുന്നു. തന്‍വര്‍ഷത്തെ കൊട്ടടയ്ക്ക കേടുകൂടാതെ ഒരുവര്‍ഷത്തിലേറെ സൂക്ഷിച്ചശേഷം വില്‍പ്പന നടത്തുന്നതാണ് പഴയ അടക്കയായി പറയുന്നത്.
കൃത്യമായി ഉണക്കി പ്ലാസ്റ്റിക്കൂടിലാണ് ഇത്തരം അടയ്ക്ക ഒരുവര്‍ഷത്തിലേറെ ഈര്‍പ്പമേല്‍ക്കാതെ സുരക്ഷിതമായി സൂക്ഷിക്കുന്നത്. ഇത് ചെലവേറുന്ന പ്രവൃത്തിയാണെങ്കിലും ഉയര്‍ന്ന വില കിട്ടുന്നതിനാല്‍ മിക്ക കര്‍ഷകരും ഈ രീതിയാണ് അവലംബിക്കുന്നത്. വിപണിയില്‍ വില ഉയരുമ്പോഴും അടയ്ക്കയുടെ വരവ് ഗണ്യമായി കുറഞ്ഞതായി കാംപ്‌കോ അധികൃതര്‍ വ്യക്തമാക്കുന്നു.