ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും; മുട്ടയെറിഞ്ഞ് പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവത്തകര്‍
പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡില്‍ വിട്ടു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്. അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാത്ത പശ്ചാത്തലത്തില്‍ കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. ഇതിന് മുന്നോടിയായി അദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചിരുന്നു. ജയിലിന് മുന്നില്‍ യുവമോര്‍ച്ച പ്രവത്തകര്‍ പ്രതിഷേധിക്കുകയും മുട്ടയെറിയുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിശദമായ വാദം നാളെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കും. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് കോടതിയില്‍ ഹാജരാകുന്നത്. ഇതൊരു കെട്ടിച്ചമച്ച കഥയാണ്, കേസില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിഭാഗം വാദിക്കുന്നത്.
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഡികെ മുരളി എംഎല്‍എയാണ് പരാതി നല്‍കിയത്. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതി. പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കര്‍ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടര്‍നടപടി. സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളുള്ളതിനാലും 20 ന് തുടങ്ങുന്ന ഈ സര്‍ക്കാറിന്റെ അവസാന സമ്മേളനത്തില്‍ അധികം ദിവസങ്ങള്‍ ഇല്ലാത്തതിനാലും അയോഗ്യതയില്‍ തീരുമാനമുണ്ടാകുമോ എന്ന് വ്യക്തമല്ല.
രാഹുല്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിനെ ബാധിക്കില്ല
പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. രാഹുല്‍ സ്വതന്ത്രനായി മത്സരിച്ചാലും കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് എ തങ്കപ്പന്‍ പറഞ്ഞു. പാലക്കാട് യുഡിഎഫ് മികച്ച വിജയം നേടും. രാഹുല്‍ നേരത്തെ വിജയിച്ചത് യുഡിഎഫ് വോട്ടുകള്‍ കൊണ്ടാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കരുതുന്നില്ല. മത്സരിക്കരുതെന് പറയാന്‍ കോണ്‍ഗ്രസിനാകില്ല. മത്സരിച്ചാലും കോണ്‍ഗ്രസിന് പ്രശ്‌നമില്ലെന്ന് തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു.
