മലപ്പുറം മുക്കുപണ്ടം തട്ടിപ്പ്: മയക്കുമരുന്ന് കേസിലെ പ്രതിയടക്കം അഞ്ച് പേർ പിടിയിൽ; സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ പൂട്ടിയത് ജീവനക്കാരുടെ ജാഗ്രത
മലപ്പുറം: പാങ്ങ് സർവീസ് സഹകരണ ബാങ്കിന്റെ ചേണ്ടി ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മുഖ്യസൂത്രധാരൻ ഉൾപ്പെടെ അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി ഏഴിന് വൈകീട്ടാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവദിവസം തന്നെ നാസർ, ഫാഇദ് റഷീദ്, ഷാജഹാൻ, മുഹമ്മദ് അഷ്റഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഈ തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരനും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമായ മമ്മാറൻ ജലീലിനെ പിറ്റേദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. ബാങ്കിൽ പണയം വെക്കാനായി കൊണ്ടുവന്ന സ്വർണം പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസ്സിലായതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ സംഘം സമാനമായ തട്ടിപ്പുകൾ മറ്റ് നിരവധി സഹകരണ ബാങ്കുകളിലും നടത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡി വൈഎസ്പി പ്രേംജിത്തിന്റെ നേതൃത്വത്തിൽ കൊളത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി. പ്രൈജു, എസ്ഐ ശൈലേഷ് കുമാർ, സി.പി.ഒമാരായ ജയേഷ്, സജീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഹകരണ ബാങ്കുകളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.