നീതി നിഷേധത്തിനെതിരെ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്; നാളെ ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സത്യഗ്രഹം, വിചാരണ തടഞ്ഞതില്‍ പ്രതിഷേധം
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി ഹര്‍ഷിന വീണ്ടും തെരുവിലേക്ക്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴായെന്നും പ്രൊസീക്യൂഷന്‍ വീഴ്ചയെത്തുടര്‍ന്ന് ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്‌തെന്നും ആരോപിച്ചാണ് ഹര്‍ഷിന സമരത്തിനൊരുങ്ങുന്നത്. ജനുവരി 28-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വസതിക്ക് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ കോളജിന്റെ ഗുരുതരമായ വീഴ്ചയെത്തുടര്‍ന്ന് നിത്യരോഗിയായി മാറിയിട്ടും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനോ കുറ്റക്കാരെ ശിക്ഷിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ഹര്‍ഷിനയുടെ പരാതി. പ്രതികളായ ഡോക്ടര്‍മാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത് സര്‍ക്കാര്‍ നിലപാട് മൂലമാണെന്ന് സമരസമിതി ആരോപിക്കുന്നു. കുന്നമംഗലം കോടതിയില്‍ വിചാരണ തുടങ്ങാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. പ്രൊസീക്യൂഷന്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്തതാണ് പ്രതികള്‍ക്ക് തുണയായത്.
ശാസ്ത്രീയ പരിശോധനകളിലൂടെ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടും, മെഡിക്കല്‍ ബോര്‍ഡിന്റെ അവ്യക്തമായ റിപ്പോര്‍ട്ട് ആയുധമാക്കി കേസ് അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നല്‍കിയ തുക ഉപയോഗിച്ചാണ് നിലവില്‍ ഹര്‍ഷിന ചികിത്സ തുടരുന്നത്. 2017-ലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ ആര്‍ട്ടറി ഫോഴ്‌സപ്‌സുമായി അഞ്ച് വര്‍ഷത്തോളമാണ് ഹര്‍ഷിന ദുരിതമനുഭവിച്ചത്. 2022-ല്‍ നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്.
പോലീസിന്റെ കൃത്യമായ അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെ, പ്രതികളായ ഡോക്ടര്‍മാരെയും നഴ്സുമാരെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഹര്‍ഷിന കുറ്റപ്പെടുത്തുന്നു. വി.സി. കബീര്‍, രമ്യ ഹരിദാസ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തും. നീതി ലഭിക്കും വരെ സെക്രട്ടേറിയറ്റ് പടിക്കലടക്കം സമരം വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
