'വര്‍ഗീയതക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അഭിവാദ്യങ്ങള്‍'; പെരുന്നതയില്‍ സതീശന് വേണ്ടി ഫ്‌ളെക്‌സ് ബോര്‍ഡ്
കോട്ടയം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതിന് പിന്നാലെ പെരുന്നയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യമര്‍പ്പിച്ച് വ്യാപകമായി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന നേതാവെന്ന വിശേഷണത്തോടെയാണ് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ പ്രവര്‍ത്തകര്‍ സതീശന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തിന് തൊട്ടടുത്തും ചങ്ങനാശ്ശേരി മുതല്‍ കണിച്ചുകുളങ്ങര വരെയുള്ള ആലപ്പുഴ റോഡിലുമാണ് ഫ്‌ലെക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. സമുദായ നേതൃത്വങ്ങള്‍ ഒന്നടങ്കം പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച പശ്ചാത്തലത്തില്‍, ഐക്യനീക്കം പാളിയ വേളയില്‍ തന്നെ ഇത്തരമൊരു നീക്കം നടത്തിയത് സമുദായ നേതാക്കള്‍ക്കുള്ള രാഷ്ട്രീയ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഐക്യചര്‍ച്ചകള്‍ക്കിടെ സതീശനെതിരെ രൂക്ഷമായ പരിഹാസങ്ങളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും ഉന്നയിച്ചിരുന്നത്. സതീശന്‍ അത്ര വലിയ 'ഉമ്മാക്കി' ഒന്നുമല്ലെന്നും കോണ്‍ഗ്രസുകാര്‍ വെറുതെ ഊതിവീര്‍പ്പിച്ചതാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ എന്‍എസ്എസ് ഐക്യനീക്കത്തില്‍നിന്ന് പിന്മാറിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത കോണ്‍ഗ്രസ് അണികള്‍ തെരുവിലിറങ്ങുകയായിരുന്നു. സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് പെരുന്ന മുതല്‍ കണിച്ചുകുളങ്ങര വരെ നീളുന്ന പാതയോരത്തെ ഫ്‌ലെക്‌സുകള്‍ വ്യക്തമാക്കുന്നത്.
സംഘടനാനേതാക്കളുടെ വിമര്‍ശനങ്ങളെ സതീശന്‍ രാഷ്ട്രീയമായി നേരിടുമെന്ന സന്ദേശമാണ് പ്രവര്‍ത്തകര്‍ ഇതിലൂടെ നല്‍കുന്നത്. ഇരു സമുദായ നേതാക്കളും ഒരേപോലെ ആക്രമിച്ച സാഹചര്യത്തില്‍ സതീശന് ലഭിക്കുന്ന ഈ പരസ്യ പിന്തുണ കോണ്‍ഗ്രസിനുള്ളിലെ പുതിയ സമവാക്യങ്ങളുടെ കൂടി പ്രതിഫലനമാണ്. പെരുന്ന മുതല്‍ കണിച്ചുകുളങ്ങര വരെ കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം. സമുദായ സംഘടനകളുമായുള്ള ഏറ്റുമുട്ടല്‍ പരസ്യമായതോടെ വരും ദിവസങ്ങളില്‍ രാഷ്ട്രീയപ്പോര് കൂടുതല്‍ കടുക്കാനാണ് സാധ്യത.