കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പ്പന; 856 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി എക്‌സൈസ് സംഘം
കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പ്പന; യുവാവ് അറസ്റ്റില്‍
മാനന്തവാടി: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മാനന്തവാടി കാഞ്ഞിരങ്ങാട് പുതുശ്ശേരി തെക്കേതില്‍ വീട്ടില്‍ ടി എസ് വിശാഖാ(26) ണ് പിടിയിലായത്. കാറില്‍ സൂക്ഷിച്ചിരുന്ന 856 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മാനന്തവാടി മേഖലയിലെ എള്ളുമന്ദം കൊണിയന്‍ മുക്ക് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് വിശാഖ് കുടുങ്ങിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 10 എഎഫ് 1849 മാരുതി എ-സ്റ്റാര്‍ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശാഖിനായി കാത്തു നിന്ന എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടുക ആയിരുന്നു. വലിയ അളവില്‍ കഞ്ചാവ് കാറില്‍ സൂക്ഷിക്കുകയും ചില്ലറ വില്‍പ്പനക്കുള്ള പൊതികളാക്കി വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വില്‍പ്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ ഇ. അരുണ്‍പ്രസാദ്, എ. ദിപു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഒ. ഷാഫി, പി. വിജേഷ്‌കുമാര്‍, കെ. സജിലാഷ്, സ്റ്റാലിന്‍ വര്‍ഗീസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എം.കെ. വീണ, ഡ്രൈവര്‍ ജെ. ഷിംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
അതേസമയം ഇപ്പോള്‍ പിടിയിലായ വിശാഖിന്റെ പേരിലുള്ളതല്ല വാഹനമെന്നും മറ്റൊരാളുടെ പേരിലുള്ള വാഹനം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയ എക്സൈസ് സംഘം വാഹനത്തിന്റെ ഉടമസ്ഥനായി അന്വേഷണം നടത്തിവരികയാണ്.