'ഇനി ജീവിക്കാന്‍ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോള്‍ വന്‍ തുക ശമ്പളവുമായി വരാം'; വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതിന്റെ പ്രതികാരം; എസ്ടി പ്രമോട്ടറെ ലിസ്റ്റില്‍ നിന്ന് പുറത്താക്കി
കൊല്ലം: സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരെ ഒരു പോസ്റ്റിട്ടാല്‍ അപ്പോള്‍ തീരും നിങ്ങളുടെ കരിയര്‍! അതാണ് ഇന്നത്തെ കേരളം. കൊല്ലം പിറവന്തൂരിലെ ഒരു പാവം ആദിവാസി യുവതിക്ക് സംഭവിച്ചത് കേട്ടാല്‍ ആരും അന്തംവിട്ടുപോകും. ഒന്നാം റാങ്കുകാരിയായിട്ടും ജോലി നല്‍കാതെ പിണറായി സര്‍ക്കാര്‍ ഒരു പെണ്ണിനോട് പകപോക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറ്റം മറ്റൊന്നുമല്ല, ജയില്‍ ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ ട്രോളി വാട്സാപ്പില്‍ ഒരു സ്റ്റാറ്റസ് ഇട്ടു! പിറവന്തൂര്‍ കുര്യോട്ടുമല ആദിവാസി പുനരധിവാസ നഗറിലെ ഷീന പ്രകാശ് എന്ന യുവതിയാണ് സര്‍ക്കാരിന്റെ ഈ 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്' ഇരയായത്. സര്‍ക്കാര്‍ അടുത്തിടെ ജയില്‍ ശമ്പളം വര്‍ദ്ധിപ്പിച്ചപ്പോള്‍, 'ഇനി ജീവിക്കാന്‍ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോള്‍ വന്‍ തുക ശമ്പളവുമായി വരാം' എന്ന് ഷീന ഒരു സ്റ്റാറ്റസ് ഇട്ടു. ഇതുകണ്ട് ചോരതിളച്ചവര്‍ ഉടനടി പരാതിയുമായി അധികൃതരുടെ അടുത്തെത്തി. ഫലം? എസ്ടി പ്രമോട്ടര്‍ ലിസ്റ്റില്‍ ഒന്നാമതെത്തിയിട്ടും ഷീനയെ പുറത്തിരുത്തി സര്‍ക്കാര്‍ പകവീട്ടി.
അതത് ആദിവാസി നഗറുകളില്‍ താമസിക്കുന്ന, റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തുന്ന ആളുകളെയാണ് സാധാരണയായി പ്രമോട്ടറായി നിയമിക്കുന്നത്. എന്നാല്‍ ഷീനയെ വെട്ടാന്‍ വേണ്ടി പഞ്ചായത്തിന് പുറത്തുള്ള, പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന ഒരാളെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. സര്‍ക്കാരിനെതിരെ പോസ്റ്റിട്ട കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടെന്നും അതിനാല്‍ നിയമനം നല്‍കാന്‍ കഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ പാവം ആദിവാസി പെണ്‍കുട്ടിയുടെ അവകാശമാണ് ഇവിടെ അധികാരികള്‍ ചവിട്ടിമെതിക്കുന്നത്.
പിറവന്തൂര്‍ പഞ്ചായത്തിലെ മൂന്ന് ആദിവാസി നഗറുകളിലായി രണ്ട് പ്രമോട്ടര്‍മാരെയാണ് നിയമിക്കേണ്ടത്. ലിസ്റ്റില്‍ ഒന്നാമതായിട്ടും തനിക്ക് എന്തുകൊണ്ട് നിയമനം ലഭിച്ചില്ലെന്ന് ഷീന അന്വേഷിച്ചപ്പോഴാണ് ട്രൈബല്‍ ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ പൗരന്റെ തൊഴില്‍ നിഷേധിക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശമാണുള്ളത്? സ്വന്തം പാര്‍ട്ടിക്കാര്‍ എന്ത് കുറ്റകൃത്യം ചെയ്താലും വെള്ളപൂശുന്ന സര്‍ക്കാര്‍, ഒരു പാവം യുവതിയുടെ നിസ്സാരമായ ഒരു വാട്സാപ്പ് സ്റ്റാറ്റസിനെതിരെ ഇത്രയും വലിയ ശിക്ഷ നടപ്പാക്കുന്നത് അപഹാസ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.
