'കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന വ്യക്തി'; താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സഭയുമായി പാലമിട്ട് ഇടതുന്നണി; വേദിയില്‍ ജോസ് കെ മാണിയും

Update: 2026-02-01 04:32 GMT

കോഴിക്കോട്: ബിഷപ്പുമാരെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്തോലിക്ക സഭ പിന്തുണയുളള ഇന്‍ഫാം കര്‍ഷക സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'വയനാട്ടിലെയും മലബാറിലെയും കര്‍ഷക പ്രയാസങ്ങള്‍ നിരന്തരം ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നയാളാണ് റെമിജിയോസ്. അവര്‍ക്കുവേണ്ടി തെരുവിലിറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഇന്‍ഫാം ഒരു സംഘടനയല്ല. ഒരു വികാരമാണ്. കര്‍ഷകരെ ഒന്നിച്ചുനിര്‍ത്താന്‍ ഇന്‍ഫാമിന് കഴിഞ്ഞു. ജാതിമത ചിന്തകള്‍ക്ക് അതീതമായി കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന സംഘടനയാണ് ഇന്‍ഫാം. കുടിയേറ്റ ചരിത്രവും സഭയുമായി ചേര്‍ന്നുനില്‍ക്കുന്നു. നയപരമായി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന മേഖലയാണ് കൃഷി. പ്രകൃതി ക്ഷോഭത്തിലും കര്‍ഷകരെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാരിനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സഭയുമായി പാലമിട്ട് സര്‍ക്കാര്‍ . കാഞ്ഞിരപ്പള്ളിയില്‍ ഇന്‍ഫാം സമ്മേളനത്തില്‍ ബിഷപ്പുമാരും വൈദികരും പങ്കെടുത്ത വേദിയില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയായി. കുടിയേറ്റ ചരിത്രവും സഭയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ജാതിമത ചിന്തകള്‍ക്ക് അതീതമായി കര്‍ഷകരെ ചേര്‍ത്തു പിടിക്കുന്ന സംഘടനയാണ് ഇന്‍ഫാമെന്നും പിണറായി പറഞ്ഞു. ഇതിനൊപ്പമാണ് ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിക്ക് പുകഴ്ത്തല്‍. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാത്യു അറക്കലിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ നല്ല വാക്കുകള്‍.

സര്‍ക്കാര്‍ മലയോര കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എണ്ണമിട്ട് പറഞ്ഞു ഇന്‍ഫാം നേതൃത്വം. കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കാന്‍ സഭ സമ്മര്‍ദം ചെലുത്തിയെന്ന അദൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ബിഷപ്പുമാര്‍ക്ക് ഒപ്പം പരിപാടിയില്‍ പങ്കെടുത്തത്. കേരളാ കോണ്‍ഗസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയും ഇന്‍ഫാം വേദിയില്‍ ക്ഷണിതാവായിരുന്നു.

Similar News