മുറ്റമടിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു; തല കടിച്ചുകീറി; നാല് വയസ്സുകാരന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

Update: 2026-02-01 06:24 GMT

എറണാകുളം: തൃപ്പൂണിത്തുറയിലും സമീപ പ്രദേശങ്ങളിലുമായി തെരുവുനായയുടെ ആക്രമണത്തില്‍ നാല് വയസ്സുകാരന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്. മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ തല നായ കടിച്ചുകീറി. ഉദയംപേരൂര്‍ അതിര്‍ത്തി റോഡ് തെക്കേ പുളിപ്പറമ്പില്‍ സതി (52) എന്ന വീട്ടമ്മയ്ക്കാണ് സാരമായ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. തൃപ്പൂണിത്തുറ പുതിയകാവിലും ഉദയംപേരൂര്‍ പ്രദേശത്തുമായി കുട്ടികളടക്കം മറ്റ് ആറുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്.

മുറ്റമടിക്കുകയായിരുന്ന സതിയെ ഓടിവന്ന നായ തലയില്‍ ആഴത്തില്‍ കടിച്ചുവലിക്കുകയായിരുന്നു. തലയിലെ മാംസം അടര്‍ന്നുപോയ നിലയില്‍ വെട്ടുകൊണ്ടതുപോലെയുള്ള ആഴത്തിലുള്ള മുറിവാണ് സതിക്കുള്ളത്. ഇവരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതിയകാവ് കണിയാവള്ളി ഭാഗത്തുനിന്ന് ആക്രമണം നടത്തിയതെന്ന് കരുതുന്ന ഒരു നായയെ ശനിയാഴ്ച സന്ധ്യയോടെ നാട്ടുകാര്‍ പിടികൂടി. എന്നാല്‍ എല്ലാവരെയും ഒരു നായയാണോ കടിച്ചതെന്ന് ഉറപ്പില്ല.

Similar News