കടലാമയെ കുറിച്ചാണോ ഒരു കേന്ദ്ര ബജറ്റില്‍ പറയേണ്ടത്; ധാതു ഇടനാഴിയേയും ആശങ്കയോടെ കാണാന്‍ കഴിയൂ; ബജറ്റില്‍ അവഗണനയെന്ന് കെ.സി വേണുഗോപാല്‍

Update: 2026-02-01 09:40 GMT

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വര്‍ഷങ്ങളായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന, കേരളം അര്‍ഹിക്കുന്ന പദ്ധതികള്‍ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രാജ്യത്തിന്റെ ബജറ്റല്ലേ അവതരിപ്പിക്കുന്നത്. കേരളവും അതിന്റെ ഭാഗമല്ലേ. ആ ഭാഗമാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് ധനമന്ത്രിയുടെ ബജറ്റെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നതുപോലെ കിട്ടാനുള്ള അവകാശം നമുക്കുമുണ്ടെന്നും അത് വാങ്ങിക്കാനുള്ള സമീപനം കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയില്‍ വിയോജിപ്പ് അറിയിക്കും. കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ടൂറിസം പ്രൊജക്റ്റ് ആണെന്നാണ് പറഞ്ഞിരിക്കുന്നത്. അതാണോ ഒരു കേന്ദ്ര ബജറ്റില്‍ പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന് അനുവദിച്ച ധാതു ഇടനാഴിയെ ഇപ്പോള്‍ സ്വാഗതം ചെയ്യാന്‍ പറ്റില്ലെന്നും ആ പദ്ധതിയെ കുറിച്ച് മനസിലാക്കിയിട്ടുമാത്രമേ പ്രതികരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. 'ധാതു ഇടനാഴിയേയും ആശങ്കയോടെ കാണാന്‍ കഴിയൂ. നമ്മുടെ ധാതുക്കള്‍ കടത്തികൊണ്ടുപോകാനുള്ള ശ്രമമാണോ എന്ന് നമ്മള്‍ മനസിലാക്കണമെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വരണം. തീരദേശ മണല്‍ ഖനനം ചെയ്യാന്‍ അനുമതിയുണ്ടാകുമോ എന്ന് കണ്ടറിയണം. മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതും മത്സ്യസമ്പത്തും ആവാസ വ്യവസ്ഥയും ഇല്ലാതാക്കുന്നതുമായ പദ്ധതിയാണോ എന്ന് മനസിലാക്കേണ്ടതുണ്ട്. അതല്ലാതെ ഒരു പ്രഖ്യാപനം കൊണ്ട് സ്വാഗതം ചെയ്യാനാകില്ല'-കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

കേരളത്തിനുവേണ്ടി കാര്യമായിട്ടൊന്നും ചെയ്യാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും അന്ധമായി പറഞ്ഞാല്‍ അത് വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. അവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി അറിയാം. ബജറ്റിലെ അവഗണന അവര്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Similar News