കുട്ടമ്പുഴയില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് തകര്‍ത്തു, വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-02-03 16:09 GMT
കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണം. വീട് തകര്‍ത്തു. മാമലകണ്ടം ചാമപ്പാറ സ്വദേശി ഡെനിഷ് ജോസഫിന്റെ വീടാണ് തകര്‍ത്തത്. വീട്ടുപകരണങ്ങളും കാട്ടാന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഒരു വര്‍ഷം മുന്‍പ് രണ്ട് പേര് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയെ കൂടാതെ പന്നിയും പുലിയും കുരങ്ങുമെല്ലാം കാര്‍ഷികവിളകള്‍ ഉള്‍പ്പെടെ നശിപ്പിക്കുന്നുണ്ട്.