തിരുവനന്തപുരത്തെ മുന്‍ ഡിസിസി ഭാരവാഹി ഡി സുരേന്ദ്രന്‍ നായര്‍ മഞ്ചേശ്വരത്ത് 'അപരന്‍'; യുഡിഎഫ് നീക്കം തോല്‍വി ഭയന്നാണെന്ന് കെ സുരേന്ദ്രന്‍
കാസര്‍കോട്: മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ അപരന്‍ തിരുവനന്തപുരത്തെ മുന്‍ ഡിസിസി ഭാരവാഹി . ഡി സുരേന്ദ്രന്‍ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ഡി സുരേന്ദ്രന്‍ നായര്‍. അതേസമയം, അപരന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുന്‍ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിര്‍ത്തിയത് യുഡിഎഫ് തോല്‍വി ഭയന്നാണെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ പ്രമുഖര്‍ക്കുള്‍പ്പെടെ വെല്ലുവിളിയായി അപരന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. പറവൂരില്‍ വി ഡി സതീശനും കളമശേരിയില്‍ പി രാജീവിനും അപരന്‍മാരുണ്ട്. കൈതാരം സ്വദേശി കെബി സതീശന്‍ ആണ് വിഡി സതീശന്റെ അപരന്‍. ഈ സ്ഥാനാര്‍ഥി പത്രിക നല്‍കിയിട്ടുണ്ട്. ബിനാനിപുരം സ്വദേശി രാജീവ് ആണ് പി രാജീവിന്റെ അപരന്‍. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന് രണ്ട് അപരന്മാരുണ്ട്. പി മുരളീധരന്‍, മുരളി എന്‍ എന്നിവരാണവര്‍. അരുവിക്കരയില്‍ ജി സ്റ്റീഫന് അപരനായി സ്റ്റീഫനും വിഎസ് ശിവകുമാറിന് രണ്ട് ശിവകുമാറുമാരും അപരന്മാരായി ഉണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖറിന് അപരനായി രാജീവ് കുമാര്‍ പത്രിക നല്‍കി.
തിരുവനന്തപുരം സെന്‍ട്രലില്‍ സി.പി ജോണിന്, എസ് ജോണ്‍ ആണ് അപരന്‍. ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജുവിനാണ് അതേ പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉള്ളത്. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലനും വിമതനുണ്ട്. രാജന്‍ എന്ന പേരിലാണ് മറ്റൊരു സ്ഥാനാര്‍ത്ഥി ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന് വിമതനായി പ്രതാപന്‍ എന്ന പേരില്‍ മറ്റൊരു സ്വതന്ത്രന്‍ രം?ഗത്തുണ്ട്. കോതമംഗലത്ത് യുഡിഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന് റണ്ട് അപരന്‍മാര്‍ ഉണ്ട്. പിണ്ടിമന സ്വദേശി ഷിബുവും ചെറുവട്ടൂര്‍ സ്വദേശി ഷിബുവും അപരന്‍മാരാണ്. പത്തനാപുരത്ത് എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്‍മാരുണ്ട്.
കെബി ഗണേഷ് കുമാറിന് അപരനായി തലവൂര്‍ സ്വദേശി ഗണേഷ് കുമാറും ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് അപരനായി എം ജ്യോതികുമാറും ചവറയില്‍ സുജിത്ത് വിജയന്‍പിള്ളയ്ക്ക് അപരനായി സുജിത്ത് ആര്‍ജെയും രംഗത്തുണ്ട്. തങ്കശേരി സ്വദേശിയാണ് സുജിത്ത് ആര്‍ ജെ. ഇരവിപുരത്ത് എം നൗഷാദിന് അപരനായി നൗഷാദ് എ പത്രിക നല്‍കി. മുഖത്തല സ്വദേശിയാണ് അപരന്‍ നൗഷാദ്.
