ഹോംസ്റ്റേയിലെ മുറിയിൽ അതിക്രമിച്ചു കയറി; വർക്കലയിൽ വിദേശ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; പിടിയിലായത് ഇലക്ട്രിക്കൽ എൻജിനീയർ

Update: 2026-03-24 09:22 GMT

വർക്കല: പാപനാശത്ത് ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിലായി. കോയമ്പത്തൂർ അവിനാശി റോഡ് ഇമ്മാനുവൽ ചർച്ചിന് സമീപം താമസിക്കുന്ന ഇലക്ട്രിക്കൽ എൻജിനീയറായ ആൻഡ്രുവിനെയാണ് (27) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

നോർത്ത് ക്ലിഫിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ഇരുപത്തിയേഴുകാരിയായ ലിത്വാനിയൻ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് പ്രതി മുറിയിൽ അതിക്രമിച്ചു കയറിയത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരുന്നില്ല. ഇതിലൂടെ അകത്തുകടന്ന ആൻഡ്രു യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

ഹോംസ്റ്റേയിലെ മറ്റൊരു മുറിയിലാണ് പ്രതി താമസിച്ചിരുന്നത്. യുവതി തനിച്ചാണെന്ന് മനസ്സിലാക്കിയാണ് ഇയാൾ കൃത്യം നടത്തിയത്. വിദേശ വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ വർക്കല പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ മാസവും വർക്കലയിൽ നോർവേ സ്വദേശിയായ വിദേശ വനിതയ്ക്ക് നേരെ സമാനമായ രീതിയിൽ അതിക്രമം ഉണ്ടായിരുന്നു. ടൂറിസം കേന്ദ്രങ്ങളിൽ വിദേശികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ വർധിക്കുന്നത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

Tags:    

Similar News