ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ മര്‍ദിച്ചു; കേസെടുത്ത് പൊലീസ്

Update: 2026-03-24 11:08 GMT

കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോള്‍ പമ്പില്‍ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ജീവനക്കാരെ മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പെട്രോല്‍ പമ്പില്‍ ഇന്ധനം നിറക്കാന്‍ കയറിയ സമയത്ത് ബസ് ഇന്ധനം നിറയ്ക്കുന്ന ഡിസ്‌പെന്‍സറില്‍ ഇടിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. മര്‍ദനത്തിനിടെ പമ്പിലെ സാധന സാമഗ്രികള്‍ക്ക് കേട് വരുത്തിയതായും പരാതിയിലുണ്ട്.

ഇന്ധനം നിറയ്ക്കാനായി പമ്പിലേക്ക് കയറ്റിയ 'വേടന്‍' എന്ന് പേരുള്ള ബസ് അശ്രദ്ധമായി പിന്നോട്ട് എടുത്തപ്പോള്‍ ഡിസ്‌പെന്‍സര്‍ മെഷീനില്‍ ഇടിക്കുകയായിരുന്നു. പുത്തന്‍കുരിശ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പൊലീസുകാര്‍ക്ക് നേരേയും സംഘം തട്ടി കയറി. അക്രമികള്‍ ലഹരി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. മെഷീന്‍ തകര്‍ന്നതിനെ തുടര്‍ന്ന് 20 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി പമ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Similar News