'ജയിക്കും മുന്നേ എംഎല്‍എ ഓഫീസ് തുറന്ന ആളല്ലേ, മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞും നടന്നില്ലേ'; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2026-02-03 16:31 GMT

തൃശൂര്‍: കേരളത്തിലെ അതിവേഗ റെയില്‍ പാത വിഷയത്തില്‍ മെട്രോ മാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിവേഗ റെയില്‍ പദ്ധതികള്‍ക്കായി ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നതിനെയടക്കം പരിഹസിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയിക്കുന്നതിന് മുന്‍പേ എം എല്‍ എ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും, താന്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം അന്ന് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കെ റെയില്‍ പദ്ധതിയുടെ അംഗീകാരത്തിനായി സംസ്ഥാനം ഒരുപാട് പരിശ്രമിച്ചിരുന്നു. കെ റെയില്‍ അല്ലെങ്കിലും കുഴപ്പമില്ല, ഏതു രീതിയിലായാലും ജനങ്ങള്‍ക്ക് വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു സംവിധാനം അല്ലെങ്കില്‍ അതിവേഗ ട്രെയിന്‍ വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിനോട് എന്തിന് ശത്രുത

റെയില്‍വേ വികസനത്തില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് ശത്രുതാപരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങള്‍ പഴയ വേഗതയില്‍ തന്നെ യാത്ര ചെയ്താല്‍ മതി എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. രാജ്യത്ത് അഞ്ച് അതിവേഗ റെയിലുകള്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കി. കെ വി തോമസ് ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിട്ടും മറുപടി ലഭിച്ചില്ലെന്നും, കേരളം എന്ത് തെറ്റാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിവേഗ പാതക്കായി ഇ ശ്രീധരന്‍ സമര്‍പ്പിച്ച രൂപരേഖ താന്‍ നേരിട്ട് റെയില്‍വേ മന്ത്രിക്ക് നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ല. ബി ജെ പിയെ പിന്തുണയ്ക്കാത്തതിന്റെ പക കേരളത്തിലെ ജനങ്ങളോട് തീര്‍ക്കുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന് അര്‍ഹമായത് നല്‍കാതെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News