ഒരു കമ്പാര്‍ട്ട്‌മെന്റാകെ പുക നിറഞ്ഞു; അപായച്ചങ്ങല വലിച്ച് യാത്രക്കാര്‍; ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ വെച്ച് 'കളിച്ച' യുവാക്കള്‍ പിടിയില്‍
വടകര: ട്രെയിനിലെ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ എടുത്ത് ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തിനിടെ കമ്പാര്‍ട്ട്‌മെന്റില്‍ പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.45 ന് കണ്ണൂര്‍ -യശ്വന്തപുരം എക്‌സ്പ്രസ് വടകര റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. കമ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായും പുകയില്‍ അമര്‍ന്നതോടെ ട്രെയിന്‍ വടകരയിലെത്താറായതോടെ യാത്രക്കാര്‍ അപായ ചങ്ങല വലിക്കുകയായിരുന്നു. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തി.
ഇതോടെ മുഴുവന്‍ യാത്രക്കാരും പ്ലാറ്റ്ഫോമിലേക്കിറങ്ങി. ട്രെയിന്‍ ഓട്ടത്തിനിടയിലാണെങ്കില്‍ വന്‍ അപകട സാധ്യതയും ഉണ്ടാകുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. സംഭവത്തെതുടര്‍ന്ന് 15 മിനിറ്റ് വൈകിയാണ് ട്രെയിന്‍ വടകരയില്‍ നിന്ന് യാത്ര തുടര്‍ന്നത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയതോടെ ഓടിപ്പോകാന്‍ ശ്രമിച്ച യുവാക്കളെ യാത്രക്കാര്‍ തടഞ്ഞ് വെച്ചാണ് ആര്‍പിഎഫിനെ ഏല്‍പിച്ചത്. ട്രെയിനില്‍ യുവാക്കള്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ എടുത്ത് ഏറെ നേരം ഇതുകൊണ്ട് കളിച്ചതായി യാത്രക്കാര്‍ പറഞ്ഞു.