കാസര്‍ഗോഡ് കുമ്പള ആരിക്കാടി ടോള്‍ പ്ലാസ അടച്ചു പൂട്ടും; നരേന്ദ്ര മോദിക്കും നിതിന്‍ ഗഡ്കരിക്കും നന്ദിയെന്ന് കെ സുരേന്ദ്രന്‍; ജനകീയ സമരത്തിന്റെയും നിയമപോരാട്ടത്തിന്റെയും വിജയമെന്ന് ആക്ഷന്‍ കമ്മിറ്റി

Update: 2026-02-03 17:07 GMT

കുമ്പള: കടുത്ത ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ദേശീയപാത 66-ലെ കുമ്പള ആരിക്കാടി ടോള്‍പ്ലാസ അടച്ചുപൂട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചതായി ബിജെപി സംസ്ഥാന നേതൃത്വം. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഫയലില്‍ ഒപ്പ് വച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി പറഞ്ഞു. നാളെ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി. നിതിന്‍ ഗഡ്കരിക്കും, നരേന്ദ്ര മോദിക്കും നന്ദിയെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ മഞ്ചേശ്വരം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരത്തിന്റെയും നിയമപോരാട്ടത്തിന്റെയും വിജയമാണിതെന്ന് ആക്ഷന്‍ കമ്മിറ്റി പറയുന്നു. തങ്ങളുടെ നിരന്തരമായ പ്രക്ഷോഭത്തിന് മുന്നില്‍ അധികൃതര്‍ക്ക് മുട്ടുമടക്കേണ്ടി വന്നതാണെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദം.

ജനകീയ സമരത്തിന്റെ വിജയമാണ് ആരിക്കാടിയിലെ ടോള്‍ നിര്‍ത്താനുള്ള കേന്ദ്ര നിര്‍ദേശമെന്ന് എ.കെ.എം അഷ്‌റഫ് എംഎല്‍എ പ്രതികരിച്ചു. ജനകീയ സമരത്തിന് മുമ്പില്‍ മുട്ട് മടക്കാത്ത ഒരു അധികാര കേന്ദ്രവുമില്ല. മുഴുവന്‍ സമര ഭടന്മാര്‍ക്കും അഭിവാദ്യങ്ങള്‍. അഷ്റഫ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. 'പ്രിയപ്പെട്ടവരെ ഇത് നമ്മുടെ വിജയം കോടതിയില്‍ തോറ്റ് തുന്നം പാടുമെന്ന് തോന്നിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി' കുമ്പള ആരിക്കാടി ടോള്‍ ബൂത്ത് അടച്ചൂ പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ആക്ഷന്‍ കമ്മറ്റി അംഗങ്ങളുടെ പ്രതികരണം.

ടോള്‍ ബൂത്ത് ഉടന്‍ പൊളിച്ചുനീക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് കരുതുന്നത്. കുമ്പള ആരിക്കാടി ടോള്‍പ്ലാസക്കെതിരേ വലിയ തോതിലുള്ള സമരപ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും കഴിഞ്ഞ കുറേക്കാലമായി നടന്നു വരികയായിരുന്നു. എന്‍എച്ച്എഐ ആദ്യം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ലെങ്കിലും ശക്തമായ ജനവികാരത്തിന് മുന്‍പില്‍ വഴങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്. ഇവിടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പണമായി ടോള്‍ വാങ്ങുന്നത് നിര്‍ത്തിയിരുന്നു. രണ്ടു ദിവസം മുന്‍പ് ഫാസ്റ്റ് ടാഗ് വഴിയുള്ള ടോള്‍ പിരിവും നിര്‍ത്തിവെച്ചു. കുമ്പള ആരിക്കാടിയിലെ ഈ ടോള്‍ കോംപ്ലക്സ് വരും ദിവസങ്ങളില്‍ തന്നെ പൂര്‍ണമായും പൊളിച്ചു മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.

60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തന്നെ നിലനില്‍ക്കെ, തലപ്പാടിക്കു പുറമെ, കുമ്പള ആരിക്കാടിയിലും ടോള്‍ ബൂത്ത് സ്ഥാപിച്ച് വാഹനങ്ങളില്‍നിന്നും പണപ്പിരിവ് ആരംഭിച്ചതാണ് കനത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. പിന്നാലെ ജനുവരി ആദ്യ വാരം മുതല്‍ ടോള്‍പിരിവിനെതിരേ ജനകീയ പ്രക്ഷോഭങ്ങളും തുടങ്ങിയിരുന്നു.

Similar News