എം പരിവാഹന്റെ പേരില്‍ വാട്ട്‌സാപ്പിലൂടെ വീണ്ടും തട്ടിപ്പ്; ജാഗ്രത പാലിക്കണം

Update: 2026-02-07 07:12 GMT

തിരുവനന്തപുരം: വാഹന ഉടമകളുടെ പോക്കറ്റടിക്കാനായി പുതിയ തന്ത്രവുമായി സൈബര്‍ തട്ടിപ്പുകാര്‍. ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന വ്യാജേന 'എം പരിവാഹന്‍' ആപ്പിന്റെ പേരില്‍ വാട്‌സാപ്പ് വഴി സന്ദേശമയച്ചാണ് പുതിയ കൊള്ള നടക്കുന്നത്. തിരുവനന്തപുരത്ത് നിരവധി ആളുകള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായതായി റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറിയിച്ചു.

ട്രാഫിക് നിയമലംഘനം നടത്തിയെന്നും അതിനുള്ള പിഴ ഉടന്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് വാട്‌സാപ്പില്‍ സന്ദേശം വരുന്നത്. സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന 'എപികെ' (APK) ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഈ ഫയല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം സൈബര്‍ കുറ്റവാളികളുടെ കൈയിലാകും. തുടര്‍ന്ന് ഫോണിലെ ഗൂഗിള്‍ പേ, ഫോണ്‍ പേ, ബാങ്ക് ആപ്പുകള്‍ എന്നിവ വഴി തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ആറ് കേസുകളില്‍ മാത്രം 12,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഓരോരുത്തര്‍ക്കും നഷ്ടപ്പെട്ടത്. ഔദ്യോഗികമായ ആപ്പുകള്‍ അല്ലാത്ത ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് ഗുരുതരമായ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് സൈബര്‍ ക്രൈം വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

ഗതാഗത നിയമലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഒരിക്കലും വാട്‌സാപ്പിലൂടെ അറിയിപ്പ് നല്‍കില്ല. പിഴ അടയ്ക്കാനുള്ള ഔദ്യോഗിക നിര്‍ദ്ദേശം എസ്എംഎസ് (SMS) വഴി മാത്രമാണ് വരുന്നത്. വാട്‌സാപ്പിലൂടെ എം പരിവാഹന്റെ പേരില്‍ വരുന്ന എല്ലാ സന്ദേശങ്ങളും വ്യാജമാണ്. അജ്ഞാതരായ ആളുകള്‍ അയക്കുന്ന എപികെ ഫയലുകള്‍ യാതൊരു കാരണവശാലും ഡൗണ്‍ലോഡ് ചെയ്യരുത്. ഇത്തരത്തില്‍ പണം നഷ്ടപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി നല്‍കുകയോ ചെയ്യേണ്ടതാണ്.

Similar News