അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പകപോക്കല്‍; മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടെന്ന് കെ.സി. വേണുഗോപാല്‍

Update: 2026-02-07 07:16 GMT

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മറ്റുള്ളവരുടെ മേല്‍ പഴിചാരി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞ ഉടന്‍ തന്നെ അടൂര്‍ പ്രകാശ് എത്തിയെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സ്വര്‍ണ്ണക്കൊള്ള പുറത്തുവന്നതോടെ മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയാണ്. 22 വര്‍ഷം മുമ്പ് താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് പോറ്റി ശബരിമലയില്‍ കയറിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പോറ്റി ജോലി സംബന്ധമായി ശബരിമലയില്‍ എത്തിയത് 2007-ലാണെന്ന വിവരം എസ്‌ഐടിക്ക് മുന്നിലുണ്ട്. അന്ന് ആരായിരുന്നു ദേവസ്വം മന്ത്രിയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

എസ്‌ഐടി മുഖ്യമന്ത്രിയുടെ കൈയ്യിലാണല്ലോ എന്നും അങ്ങനെയെങ്കില്‍ ആ കാലത്തെ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും വേണുഗോപാല്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News