പന്തളത്ത് പ്രവാസിയുടെ വീട്ടില്‍ നിന്നും 50 പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്; അന്തര്‍സംസ്ഥാന മോഷണസംഘം പിടിയില്‍

Update: 2026-02-08 08:46 GMT

പത്തനംതിട്ട: പന്തളത്ത് 50 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അന്തര്‍സംസ്ഥാന മോഷണസംഘം പിടിയില്‍. അന്തര്‍സംസ്ഥാന മോഷണസംഘത്തില്‍പ്പെട്ട ഇസാഖി, ഗണേഷ് എന്നിവരാണ് പിടിയിലായത്. തിരുനെല്‍വേലിയില്‍ നിന്നാണ് പ്രതികളെ പിടുകൂടിയത്. ഇവരുടെ പേരില്‍ കര്‍ണാടകയിലടക്കം വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം 29നാണ് പന്തളത്ത് കൈപ്പുഴിയില്‍ പ്രവാസിയായ ബിജു നാഥന്റെ വീട്ടില്‍ മോഷണം നടന്നത്. ബിജു വിദേശത്തായതിനാല്‍ വീട്ടില്‍ അയാളുടെ അമ്മ മാത്രമാണ് താമസിക്കുന്നത്. രാത്രിയില്‍ ഒറ്റയ്ക്കായതിനാല്‍ വീടുപൂട്ടി മൂത്തമകന്റെ വീട്ടിലേക്ക് പോകും. 29ന് രാവിലെ മടങ്ങിവന്നപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തകര്‍ന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നെന്ന് മനസിലായത്.

കിടപ്പുമുറിയിലെ അലമാരയും ലോക്കറും കുത്തി തുറന്നാണ് മോഷണം നടത്തിയത്.ബിജുവിന്റെ ഭാര്യയുടെ സ്വര്‍ണമാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ഓമനയമ്മയുടെ ഒരു ജോഡി കമ്മലും മോതിരവും നഷ്ടപ്പെട്ടിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തമിഴ്നാട്ടിലേക്കെത്തിച്ചത്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Similar News