മൊബൈല്‍ഫോണുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി യുഎഇയിലെ സ്‌കൂളുകള്‍; നിയം ലംഘിച്ചാല്‍ ഫോണ്‍ പിടിച്ചെടുക്കും

മൊബൈല്‍ഫോണുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി യുഎഇയിലെ സ്‌കൂളുകള്‍

Update: 2026-02-10 02:47 GMT

അബുദാബി: മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശനനിരോധനം ഏര്‍പ്പെടുത്തി യു.എ.ഇ.യിലെ സ്‌കൂളുകള്‍. മൊബൈല്‍ഫോണ്‍ ക്ലാസ്മുറികളില്‍ വീണ്ടും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ നിയമം കടിപ്പിക്കുന്നത്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വിട്ടുവീഴ്ചയില്ലാതെ അവ കണ്ടുകെട്ടുമെന്നും അറിയിച്ചു.

ആദ്യതവണ ഒരുമാസംവരെ ഫോണ്‍ പിടിച്ചുവെക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അധ്യയനവര്‍ഷം അവസാനിക്കുന്നതുവരെ ഫോണ്‍ തിരികെനല്‍കുന്നതല്ല. നിയമം നിലവിലുണ്ടെങ്കിലും മിക്ക സ്‌കൂളുകളും കര്‍ശനമാക്കിയിരുന്നില്ല. ഇതോടെ കുട്ടികളില്‍ പലരും ഫോണ്‍ സ്‌കൂളിലേക്ക് കൊണ്ടു വരുന്നത് തുടര്‍ന്നു. ഇതോടെയാണ് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ സ്‌കൂളിലേക്ക് മൊബൈല്‍ഫോണ്‍ കൊണ്ടുപോകുന്നില്ലെന്ന് രക്ഷിതാക്കളും ഉറപ്പാക്കണം.

മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍നിന്ന് പൂര്‍ണമായും മാറ്റുന്നതായാണ് വിദ്യാഭ്യാസവിദഗ്ധര്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുക, അച്ചടക്കം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം. അടിയന്തര സാഹചര്യങ്ങള്‍ വന്നാല്‍ സ്‌കൂളിലെ ലാന്‍ഡ്ലൈന്‍ ഫോണ്‍ വഴി കുട്ടികളുമായി ബന്ധപ്പെടാം. പഠനാവശ്യങ്ങള്‍ക്ക് മാത്രമായി അധ്യാപകരുടെ പ്രത്യേക അനുമതിയോടെ ഐപാഡുകളും ടാബ്ലെറ്റുകളും സ്‌കൂളിലേക്ക് കൊണ്ടുവരാം. ക്ലാസ് തുടങ്ങുന്നതിന് മുന്‍പോ ഇടവേളകളിലോ ഒരു കാരണവശാലും ഇവ ഉപയോഗിക്കാന്‍ പാടില്ല.

Tags:    

Similar News