പത്തനംതിട്ടയില്‍ അമിതവേഗത്തിലെത്തിയ കാര്‍ സ്ത്രീകള്‍ക്ക് നേരെ ഇടിച്ചു കയറി ഒരാള്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് അത്ഭുതരക്ഷ

അമിതവേഗത്തിലെത്തിയ കാര്‍ സ്ത്രീകള്‍ക്ക് നേരെ ഇടിച്ചു കയറി ഒരാള്‍ മരിച്ചു

Update: 2026-02-16 00:40 GMT

പത്തനംതിട്ട: ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. പത്തനംതിട്ട ഇളമണ്ണൂരില്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ നടന്നു പോകുമ്പോഴാണ് രണ്ടു സ്ത്രീകളെ എതിര്‍ദിശയില്‍നിന്നും അമിതവേഗത്തിലെത്തിയ കാറിടിച്ചത്. സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇളമണ്ണൂര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം കാണാന്‍ പോയ ഇളമണ്ണൂര്‍ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ശാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന രണ്ടു യുവാക്കളും മദ്യലഹരിയിലായിരുന്നു എന്നാണു ലഭിക്കുന്ന വിവരം.

അപകടത്തിനു ശേഷം ഇവര്‍ വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ച് കാര്‍ പിടികൂടി. തുടര്‍ന്നു വാഹത്തിലുണ്ടായിരുന്നവരെ അടൂര്‍ പൊലീസിനു കൈമാറി. ഞായറാഴ്ച വൈകീട്ട് ആറിന് ഇളമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപമാണ് അപകടം നടന്നത്.

Tags:    

Similar News