ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികൂടം; കൊലപാതകമെന്ന് സംശയം: ഇവിടെ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികൂടം

Update: 2026-02-17 01:14 GMT

തൃശ്ശൂര്‍: എരുമപ്പെട്ടിയില്‍ മൂന്ന് വര്‍ഷമായി ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികൂടം കണ്ടെത്തി. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തില്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് വര്‍ഷം മുന്‍പ് ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. എരുമപ്പെട്ടി നെല്ലിക്കുന്നില്‍ പാടശേഖരത്തിന് സമീപമുള്ള ആള്‍താമസമില്ലാത്ത വീടിന്റെ പിറകിലെ ചായിപ്പിലാണ് കുഴിച്ചിട്ട നിലയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണികളുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന് പോലിസ് സംശയിക്കാന്‍ കാരണം.

മൂന്ന് വര്‍ഷം മുമ്പാണ് വീട്ടില്‍ ആള്‍താമസമുണ്ടായിരുന്നത്. സ്ത്രീകളടക്കമുളള ഒരു കുടുംബവും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെ വീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി വരികയാണ്. ഇന്നലെ വൈകീട്ട് ചായിപ്പിന്റെ നിലം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കുന്നംകുളം എ.സി.പി ക്കാണ് കേസിന്റെ അന്വേഷണ ചുമതല. ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കം തിരിച്ചറിയുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാകും. വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നത്.

Tags:    

Similar News