മാളികപ്പുറങ്ങളെയും കൊച്ചുകുട്ടിയേയും പാതിരാത്രിയില്‍ പെരുവഴിയില്‍ ഇറക്കിവിട്ടു; കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ പിരിച്ചുവിട്ടു: കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

മാളികപ്പുറങ്ങളെ പാതിരാത്രിയില്‍ പെരുവഴിയില്‍ ഇറക്കിവിട്ടു; കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ പിരിച്ചുവിട്ടു

Update: 2026-02-19 04:29 GMT

പത്തനംതിട്ട: ശബരിമല ദര്‍ശനംകഴിഞ്ഞ് മടങ്ങിയ മാളികപ്പുറങ്ങളെയും കൊച്ചുകുട്ടിയേയും അര്‍ദ്ധരാത്രിയില്‍ നിലയ്ക്കലെ പെരുവഴിയില്‍ ഇറക്കിവിട്ട കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലം മാറ്റി. സ്ത്രീകളുടെ പരാതിയില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേരിട്ടുള്ള ഇടപെടീലിലാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.എം.ഡിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

പമ്പ-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തിയ പൂവ്വാര്‍ ഡിപ്പോയിലെ ബസിലെ താത്കാലിക ഡ്രൈവറായ എന്‍. സജികുമാറിനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഒപ്പമുണ്ടായിരുന്ന കണ്ടക്ടര്‍ കെ.എന്‍. പ്രേമസുതനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. കെല്‍ട്രോണിലെ ജീവനക്കാര്‍ ഉള്‍പ്പെടുന്ന 12 മാളികപ്പുറങ്ങളും കുട്ടിയും ഉള്‍പ്പെടുന്ന സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്. അര്‍ദ്ധരാത്രി ഇവരെ വെളിച്ചമോ ആളുകളോ ഇല്ലാത്ത സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. ഇവര്‍ വന്ന വാന്‍ നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇട്ട ശേഷം കെ.എസ്.ആര്‍.ടി.സി. ബസിലാണ് പമ്പയിലേക്ക് പോയത്. ദര്‍ശനംകഴിഞ്ഞ് രാത്രി മലയിറങ്ങിയ സംഘം പമ്പയിലെത്തി തിരുവനന്തപുരത്തിനുള്ള ബസില്‍ കയറി. ടിക്കറ്റ് എടുക്കുമ്പോള്‍ തങ്ങളുടെ വാന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കിടക്കുന്നെന്നും അവിടെയാണ് ഇറങ്ങേണ്ടതെന്നുമുള്ള കാര്യം ബസ് ജീവനക്കാരോടു പറഞ്ഞിരുന്നു. എന്നാല്‍ ബസ് നിലയ്ക്കല്‍ എത്തിയപ്പോള്‍ ക്ഷേത്രഗോപുരവും കടന്ന് മുന്നോട്ട് പോയി. ബസ് നിര്‍ത്താന്‍ മാളികപ്പുറങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല.

മാളികപ്പുറങ്ങള്‍ ഒച്ചയെടുത്തതോടെ നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ബസ് കയറില്ലെന്ന് പറഞ്ഞ് ഇവരെ ബേസ് ക്യാമ്പില്‍നിന്ന് വാഹനങ്ങള്‍ ഇറങ്ങിവരുന്ന ഭാഗത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റ് പടിക്കല്‍ റോഡില്‍ ഇറക്കിവിടുകയും ചെയ്തു. നടയടച്ചതിനാല്‍ ഈ ഭാഗത്ത് പോലീസോ ആവശ്യത്തിന് വെളിച്ചമോപോലുമുണ്ടായിരുന്നില്ല. സമയം 12 മണിയോട് അടുത്തിരുന്നു. തീര്‍ഥാടകര്‍ വിജനമായ റോഡിലൂടെ നടന്ന് സമീപത്തെ ഹോട്ടലിന്റെ മുന്നിലെത്തിയശേഷം പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്ന് വാഹനം വിളിച്ചുവരുത്തിയാണ് മടങ്ങിപ്പോയത്.

Tags:    

Similar News