കൈവിരലില്‍ വോട്ട് രേഖപ്പെടുത്തിയ മഷിയും കഴുത്തില്‍ കൊന്തയും; കൊലപാതകം ആകാനുള്ള സാധ്യത ഏറെ; വേളി തീരക്കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

Update: 2026-02-22 05:02 GMT

കഴക്കൂട്ടം : വേളി തീരക്കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. ശനിയാഴ്ച രാവിലെ വേളിയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് 55 വയസ്സിലേറെ പ്രായം തോന്നിക്കുന്ന മൃതദേഹം തീരക്കടലില്‍ ഒഴുകുന്നത് കണ്ടത്. രണ്ടു ദിവസം പഴക്കം തോന്നിക്കും. തൊഴിലാളികള്‍ തുമ്പ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയില്‍ എത്തിച്ചു.

രണ്ട് കൈയും മുണ്ടുകൊണ്ട് കെട്ടിയ നിലയിലാണ്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. കൈവിരലില്‍ വോട്ട് രേഖപ്പെടുത്തിയ മഷിയും കഴുത്തില്‍ കൊന്തയുമുണ്ട്. കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് സംശയിക്കുന്നു. എന്നാല്‍ കൈകള്‍ തമ്മില്‍ ഏതാണ്ട് അരമീറ്ററോളം വ്യത്യാസത്തിലാണ് മുണ്ട് ഉപയോഗിച്ച് കെട്ടിരിക്കുന്നത് എന്നതിനാല്‍ ആത്മഹത്യയും പൊലീസ് തള്ളുന്നില്ല. പൊലീസിനു പുറമേ ഫോറന്‍സിക്കും തെളിവെടുപ്പു നടത്തി. അസ്വാഭാവിക മരണത്തിന് തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News