വോട്ടര്‍ പട്ടികയില്‍ വ്യാപക അപാകതയെന്ന് പരാതി; പരിശോധനയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍; അപ്പീല്‍ നല്‍കാന്‍ അവസരമെന്ന് കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ വ്യാപകമായ അപാകതകളുണ്ടെന്ന പരാതിയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ വിവിധ ബൂത്തുകളില്‍ ഉള്‍പ്പെട്ടതും, അര്‍ഹരായ പലരും പട്ടികയ്ക്ക് പുറത്തായതും ഗൗരവകരമാണെന്നാണ് പാര്‍ട്ടികളുടെ വിലയിരുത്തല്‍. പരാതികള്‍ വര്‍ധിച്ചതോടെ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചു.
അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ കടന്നുകൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സി.പി.എം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കും ആക്ഷേപങ്ങളുള്ളവര്‍ക്കും നിയമപരമായ അപ്പീല്‍ നല്‍കാന്‍ ഇനിയും അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു. വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസുകളിലോ കമ്മീഷന്റെ വെബ്‌സൈറ്റിലോ പരിശോധിക്കാവുന്നതാണ്.
പുതുതായി പേര് ചേര്‍ത്ത 18-19 പ്രായപരിധിയിലുള്ളവര്‍ക്കും, പ്രവാസികള്‍ക്കും, തിരുത്തലുകള്‍ വരുത്തിയ നിലവിലുള്ള വോട്ടര്‍മാര്‍ക്കും ഉടന്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതിനകം 13.5 ലക്ഷത്തിലധികം പേര്‍ പുതുതായി വോട്ട് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.