സ്വാമി ഗുരുരത്‌നം കേരളത്തിന്റെ മതേതരമുഖമെന്ന് മന്ത്രി ജി ആര്‍ അനില്‍
പോത്തന്‍കോട്: കേരളത്തിന്റെ മതേതര മുഖമാണ് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് സമൂഹത്തെ ശക്തിപ്പെടുത്തുന്ന സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്നും ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണ ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സന്യാസജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സ്വാമിക്ക് ആദരവ് നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.
ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനനന്മ ലക്ഷ്യമിട്ട് മാത്രമാണ്. എല്ലാ മനുഷ്യരെയും ഒരു പോലെ കാണാനും അവരുടെ വേദനകള്‍ അകറ്റുവാനും അവര്‍ക്ക് നന്മ പ്രദാനം ചെയ്യാനുളള വഴികളിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സന്ന്യാസിമാരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നതെന്നും അത് കൂടുതല്‍ മെച്ചപ്പെട്ട് മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.
പൂജിതപീഠം സമര്‍പ്പണം പൊതുസമ്മേളനം മലങ്കര സുറിയാനി സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ ഉദ്ഘാടനം ചെയ്തു. ലോകസമാധാനത്തിന്റെ പ്രാപ്തിക്ക് വേണ്ടി ശാന്തിഗിരി ആശ്രമത്തെ വിവിധ സഭകളുമായും രാഷ്ട്രീയപാര്‍ട്ടികളുമായും സമുദായങ്ങളുമായും നിരന്തരം കൂട്ടിയിണക്കുന്നതില്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രശസ്തിപത്രം സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ സ്വാമിക്ക് സമ്മാനിച്ചു.