കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചപ്പോള്‍ അച്ഛന്‍ തരുമെന്ന് മറുപടി; ബില്ല് കൊടുത്തപ്പോള്‍ കിട്ടിയത് അടി; മാങ്കാവില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാവ്

Update: 2026-02-22 12:45 GMT

കോഴിക്കോട്: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. കഴിച്ച ഭക്ഷണത്തിന്റെ ബില്‍ നല്‍കിയപ്പോള്‍ തര്‍ക്കിച്ച ശേഷം ഹോട്ടല്‍ ജീവനക്കാരനെ ഇരുമ്പ് വടി കൊണ്ട് മര്‍ദിക്കുകയും ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. കോഴിക്കോട് ഗോവിന്ദപുരത്തെ അളിയന്‍സ് ഹോട്ടലില്‍ ആണ് മദ്യപിച്ചെത്തിയ യുവാക്കളുടെ പരാക്രമം. ആക്രമണത്തില്‍ ഹോട്ടലിലെ ജീവനക്കാര്‍ക്കും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.

മദ്യപിച്ച് എത്തിയ മൂന്നംഗസംഘം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പണം നല്‍കാതെ മടങ്ങാനുള്ള നീക്കം ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്നായിരുന്നു ആക്രമണം. വടിയും കല്ലും ഉപയോഗിച്ച് ഹോട്ടല്‍ തകര്‍ത്തു. ഭക്ഷണ വിഭവങ്ങളും കേടുവരുത്തി. ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലഹരി സംഘത്തിന്റെ അക്രമത്തില്‍ പരുക്കേറ്റ ഹോട്ടല്‍ ജീവനക്കാരന്‍ ഷഹനാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് മാങ്കാവില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അളിയന്‍സില്‍ എത്തി ഭക്ഷണം കഴിച്ച ശേഷമുള്ള മൂന്നംഗ ലഹരി സംഘത്തിന്റെ പരാക്രമം. ക്യാഷ് കൗണ്ടറില്‍ ഉണ്ടായി ഷഹനാദിനെ ഇരുമ്പ് വടികൊണ്ടാണ് ആക്രമിച്ചത്. ഭക്ഷണം സൂക്ഷിച്ചിരുന്ന ഗ്ലാസ് റാക്കും ഹോട്ടല്‍ ബോര്‍ഡും അക്രമി സംഘം അടിച്ചു തകര്‍ത്തു. കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചപ്പോള്‍ അച്ഛന്‍ തരുമെന്ന് പറഞ്ഞ് കളിയാക്കിയതായി സംഭവത്തിന് ദൃക്സാക്ഷിയായ സല്‍മാന്‍ പറഞ്ഞു.

മെഡിക്കല്‍ കോളജ് പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി. രാത്രി സമയങ്ങളില്‍ ലഹരി ഉപയോഗിച്ച് എത്തുകയും , പണം നല്‍കാതെ ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്യുന്ന സംഘങ്ങള്‍ സ്ഥിരമായിരിക്കുകയാണ്. ഹോട്ടലുടമകളില്‍ പലരും ഭയം കൊണ്ട് പണം ചോദിക്കില്ല. ചോദിച്ചാല്‍ ഇതു പോലെ അടിച്ചു തകര്‍ക്കും .

Similar News