റംസാന്‍ വ്രതാനുഷ്ഠാനമുള്ളതിനാല്‍ അന്നദാനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല; മുസ്ലീം സഹോദരങ്ങള്‍ക്ക് ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയൊരുക്കി ക്ഷേത്രം അധികൃതര്‍
മുസ്ലീം സഹോദരങ്ങള്‍ക്ക് ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ
കാസര്‍കോട്: മുസ്ലീം സഹോദരങ്ങള്‍ക്കായി ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം അധികൃതര്‍. വ്യാഴാഴ്ച വൈകിട്ടാണ് ക്ഷേത്രമുറ്റം ഇത്ര സുന്ദരമായ ചടങ്ങിന് സാക്ഷിയായത്. റംസാന്‍ വ്രതാനുഷ്ഠാനമുള്ളതിനാല്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പരിസരവാസികളായ മുസ്ലീം സഹോദരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന് പരിഹാരമായിട്ടാണ് സമൂഹനോമ്പുതുറ ഒരുക്കിയതെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവരാമന്‍ മേസ്ത്രി പറഞ്ഞു.
വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാചടങ്ങ് നടക്കുന്നത് മുന്‍പേ, വ്യാഴാഴ്ച വൈകീട്ടാണ് പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ മുന്‍കൈയില്‍ നോമ്പുതുറയ്ക്ക് ക്ഷേത്രമുറ്റം വേദിയായത്. സമീപ മസ്ജിദുകളില്‍ 6.39-ന് മഗ്രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്നു.
ഇത്തരത്തിലുള്ള ചടങ്ങ് വര്‍ത്തമാനകാലത്ത് ഏവരും മാതൃകയാക്കേണ്ടതാണെന്ന് പരയങ്ങാനം മഹല്ല് ജമാ അത്ത് സെക്രട്ടറി അഷറഫ് പരയങ്ങാനം അഭിപ്രായപ്പെട്ടു. കലവറ ഘോഷയാത്രകള്‍ക്ക് മഹല്ല് കമ്മിറ്റി വരവേല്‍പ്പ് നല്‍കുന്നതും നബിദിന ഘോഷയാത്രയ്ക്ക് തറവാട്ടുവക സ്വീകരണം നല്‍കുന്നതും പതിവാണെന്നും അദ്ദേഹം പറഞ്ഞു.