ആരോഗ്യമന്ത്രിക്കു നേരെയുള്ള ആക്രമണം; കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
കണ്ണൂര്‍ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി പ്രതിഷേധത്തിന്റെ പേരില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂര്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി - 2 ആണ് ജാമ്യാപേക്ഷ തള്ളിയത്. കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വേണമെന്ന് ഇന്നലെ നടന്ന വാദത്തില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. അഞ്ചിന് ഇവരെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 'കൊല്ലെടാ' എന്ന് ആക്രോശിച്ചാണ് അക്രമിസംഘം മന്ത്രിക്കുനേരെ പാഞ്ഞടുത്തതെന്ന് എഫ്ഐആറില്‍ പറയുന്നു. പ്രതികളുടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് കഴുത്തിന് ആക്രമിച്ചതെന്ന് ഗണ്‍മാന്‍ എം എസ് അഭിലാഷ് മൊഴി നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന് നേതൃത്വംകൊടുത്ത കെഎസ്യു കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ബിതുല്‍ ബാലന്‍, കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പാനൂര്‍ ചെണ്ടയാട്ടെ എം സി അതുല്‍, ട്രഷറര്‍ മാട്ടൂലിലെ വി വി അക്ഷയ്, മാടായിയിലെ സി എച്ച് മുബാസ്, മാടായിയിലെ അഹമ്മദ് യാസീന്‍ എന്നിവരാണ് പിടിയിലായിരുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് മന്ത്രിയെ കെഎസ്‌യു സംഘം ആക്രമിച്ചത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റു.