നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വൈകാന്‍ സാധ്യതച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മാര്‍ച്ച് 5-ന് കേരളത്തില്‍; ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ വോട്ടെടുപ്പ് നടന്നേക്കും

Update: 2026-03-03 08:41 GMT

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും വോട്ടെടുപ്പും നേരത്തെ കരുതിയതിനേക്കാള്‍ വൈകുമെന്ന് സൂചന. പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കൂടി പരിഗണിച്ചേ കേരളത്തിലെ ഷെഡ്യൂള്‍ പ്രഖ്യാപിക്കൂ. ഇതുപ്രകാരം മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ മാത്രമേ വിജ്ഞാപനം വരാന്‍ സാധ്യതയുള്ളൂ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാര്‍ച്ച് 5-ന് കേരളത്തിലെത്തും.

മാര്‍ച്ച് 15-ഓടെ വിജ്ഞാപനം വരുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് ഇതിന് തടസ്സമാകും. ഏപ്രില്‍ 14-ന് അസമില്‍ ബിഹു ഉത്സവം നടക്കുന്നതും ഏപ്രില്‍ 15-ന് കേരളത്തില്‍ വിഷു വരുന്നതും കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതികളില്‍ മാറ്റം വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ അവസാന വാരമോ മേയ് ആദ്യ വാരമോ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും കേന്ദ്രസേനകളുടെ വിന്യാസവും തീയതി നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.

കേരള നിയമസഭയുടെ കാലാവധി മേയ് 23-ന് അവസാനിക്കാനിരിക്കെ, ഏപ്രില്‍ മാസത്തില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി മേയ് പകുതിയോടെ ഫലപ്രഖ്യാപനം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ വോട്ടര്‍ പട്ടികയുടെ അന്തിമ പുതുക്കല്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 21-ന് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. കമ്മീഷണറുടെ സന്ദര്‍ശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ വെച്ച് അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതികള്‍ ഒന്നിച്ച് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar News