പാക്കറ്റ് പൊട്ടിച്ച നിലയില്‍ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍; പിന്‍വലിക്കാന്‍ ഉത്തരവ്

പാക്കറ്റ് പൊട്ടിച്ച നിലയില്‍ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍

Update: 2026-03-05 04:07 GMT

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ പാക്കറ്റ് സ്‌കൂളുകളില്‍ പൊട്ടിച്ചനിലയില്‍. കാസര്‍കോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്‌കൂളുകളിലാണ് പാക്കറ്റ് പൊട്ടിയ നിലയില്‍ ചോദ്യപേപ്പര്‍ കണ്ടെത്തിയത്. മാര്‍ച്ച് 11ന് നടക്കേണ്ട ഒന്നാം വര്‍ഷ അറബിക്, 21ന് നടക്കേണ്ട പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ഇതേതുടര്‍ന്ന് ഈ വിഷയങ്ങളുടെ മുഴുവന്‍ സ്‌കൂളുകളിലെയും ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ പിന്‍വലിക്കാനും പകരം ചോദ്യപേപ്പറുകള്‍ അടിയന്തിരമായി വിതരണം ചെയ്യാനും പരീക്ഷ കമീഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. പകരം ചോദ്യപേപ്പറുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചും ചെലവുവരുന്ന തുക മുന്‍കൂര്‍ അനുവദിച്ചും ഉത്തരവ് നല്‍കി.

ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ പൊട്ടിയതു സംബന്ധിച്ച പരിശോധന നടന്നുവരികയാണ്. രണ്ട് സ്‌കൂളുകളില്‍നിന്നും പരീക്ഷ സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങി. സ്‌കൂള്‍ അധികൃതര്‍ പ്രശ്‌നം ശ്രദ്ധയില്‍പെടുത്തിയ ഉടനെ ചോദ്യപേപ്പര്‍ അച്ചടിച്ച് എത്തിച്ച കോണ്‍ഫിഡന്‍ഷ്യല്‍ പ്രസ് അധികൃതര്‍ സ്വന്തം ചെലവില്‍ പകരം ചോദ്യപേപ്പര്‍ തയാറാക്കി ജില്ല കേന്ദ്രങ്ങളില്‍ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇവ ഏറ്റുവാങ്ങാനും വിതരണം ചെയ്യാനുമായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകള്‍ പിന്‍വലിക്കേണ്ടിവരും. കവചിത വാഹനം വാടകക്കെടുത്ത് സമയബന്ധിതമായി ചോദ്യപേപ്പറുകളുടെ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

Tags:    

Similar News