യുദ്ധഭീതിയില്‍ ഗള്‍ഫ്; ഒരാഴ്ചയ്ക്കിടെ നാട്ടിലെത്തിയത് 52,000 ഇന്ത്യക്കാര്‍; കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം

Update: 2026-03-08 06:17 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം പ്രവാസി മലയാളി കുടുംബങ്ങളില്‍ കടുത്ത ആശങ്ക പടര്‍ത്തുന്നു. സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരുടെ വന്‍ തിരിച്ചൊഴുക്കാണ് ദൃശ്യമാകുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ഏഴു വരെയുള്ള ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 52,000-ത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതമായി നാട്ടിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മടങ്ങിയവരില്‍ ഭൂരിഭാഗവും മലയാളികളാണെന്നത് കേരളത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും കൃത്യമായ ഇടപെടലുകളെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. നാട്ടിലെത്തിയവരില്‍ 32,107 പേരും എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാനങ്ങളിലാണ് യാത്ര തിരിച്ചത്. സന്ദര്‍ശക വിസയില്‍ എത്തിയവരും ട്രാന്‍സിറ്റ് യാത്രക്കാരുമാണ് ഇപ്പോള്‍ മടങ്ങിയവരില്‍ അധികവും. ഗള്‍ഫ് രാജ്യങ്ങളിലായി ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 35 ലക്ഷത്തോളം പേര്‍ മലയാളികളാണ്. വ്യോമപാതകള്‍ ഭാഗികമായി തുറന്നതോടെ എയര്‍ ഇന്ത്യ തങ്ങളുടെ സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിച്ചിട്ടുണ്ട്.

ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും അയല്‍രാജ്യങ്ങളെ ആക്രമിക്കുന്നതില്‍ വന്‍ കരുതല്‍ കാണിക്കുമെന്നും പ്രഖ്യാപിച്ചതോടെ നിലവില്‍ സംഘര്‍ഷ ഭീതിയില്‍ നേരിയ അയവ് വന്നിട്ടുണ്ട്. എങ്കിലും യുദ്ധസാഹചര്യം ഏതു നിമിഷവും മാറിമറിയാമെന്നതിനാല്‍ ഇന്ത്യന്‍ എംബസികള്‍ അതീവ ജാഗ്രതയിലാണ്. പ്രവാസികള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേക കണ്‍ട്രോള്‍ റൂമുകളും തുറന്നു. സാഹചര്യം ഓരോ നിമിഷവും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികളും ആലോചനയിലുണ്ട്.

Similar News