കാട്ടുപന്നി കുറുകെച്ചാടി: നിയന്ത്രണം നഷ്ടമായ ഇലക്ട്രിക് കാര്‍ മതിലില്‍ ഇടിച്ചു കത്തി നശിച്ചു; ഉടമ രക്ഷപ്പെട്ടു

Update: 2026-03-08 06:41 GMT

കാട്ടുപന്നി കുറുകെ ചാടിയതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇലക്ട്രിക് കാര്‍ റോഡ് സൈഡിലെ കലുങ്കില്‍ ഇടിച്ചു തീപ്പിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഓടിച്ചിരുന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കോന്നി ചെങ്ങറ ഭാഗത്തു ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. എറണാകുളത്തു നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തണ്ണിത്തോട് തേക്കുതോട് കുന്നംപള്ളി ജിബിന്‍ കെ തോമസിന്റെ ടാറ്റ ടിയാഗോ ഇലക്ട്രിക് കാര്‍ ആണ് പൂര്‍ണമായും കത്തിനശിച്ചത്. സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട , കോന്നി എന്നിവിടങ്ങളില്‍ നിന്നും ഓരോ ഫയര്‍ എന്‍ജിന്‍ എത്തി തീയണച്ചു.

തീ പടര്‍ന്നു പിടിക്കുന്നതിന് മുന്‍പ് തന്നെ ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപെടുകയായിരുന്നു. അപകടമുണ്ടായപ്പോള്‍ തന്നെ വാഹനത്തിന്റെ മുന്‍ ഭാഗത്ത് നിന്ന് തീപ്പൊരി ചിതറുകയും തൊട്ടുപിന്നാലെ ആളിക്കത്തി നശിക്കുകയുമായിരുന്നു.

Similar News